കൊച്ചി: താൻ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷൻ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന സിനിമകള്‍ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാല്‍ താൻ രക്ഷപെട്ടു. കുറേ സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പർ മാറ്റി വെച്ചതാണ്. മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിങ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. സുരേഷ് ഗോപി പറഞ്ഞു.
സെപ്റ്റംബർ 6ന് ആരംഭിക്കുന്ന ‘ഒറ്റ കൊമ്ബൻ’ എന്ന സിനിമയില്‍ താൻ അഭിനയിക്കുമെന്നും സിനിമ ചെയ്തില്ലെങ്കില്‍ താൻ ചത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയാല്‍ തൃശൂരിലെ ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സജീവമായി പ്രവർത്തിക്കും. ചരിത്രമെഴുതിയ തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന് നേതാക്കള്‍ പറഞ്ഞതു കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. ഇപ്പോള്‍ തൃശൂരിലെ ജനങ്ങള്‍ക്ക് തന്നെ ലഭിക്കുന്നത് കുറവാണ്. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയാണെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് സിനിമാ നടനെന്ന നിലിയിലെ പോവുകയുള്ളൂവെന്നും അതിന് പണം വാങ്ങിക്കുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി നടത്തിയ പരാമർശം ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ ചർച്ചയായിട്ടുണ്ട്.
സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് സുരേഷ് ഗോപി പറഞ്ഞു. എല്ലാ സമ്ബ്രദായത്തിനും അതിന്റേതായ ശുദ്ധി വേണമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി അതിനു കോട്ടം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു