കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ
കൊച്ചി ഫോഴ്‌സ എഫ്.സിയും
മലപ്പുറം എഫ്.സിയും ഏറ്റുമുട്ടും.
വൈകുന്നേരം എട്ടിനാണ് മത്സരം തുടങ്ങുക.
ഉദ്ഘാടന ചടങ്ങുകൾ വൈകീട്ട് ആറിന് ആരംഭിക്കും.
ബോളിവുഡ് സെലിബ്രിറ്റികളെയും പ്രശസ്ത ഗായകൻ ഡബ്സീയെയുമെല്ലാം ഉൾപ്പെടുത്തി ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
മന്ത്രിമാരും കായിക താരങ്ങളും ചടങ്ങിനെത്തും.
തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുക.
ആറ് ടീമുകൾ മത്സരിക്കുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങൾ കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാകും നടക്കുക.
ഓരോ ടീമും തങ്ങളുടെ ഹോം ഗ്രൗണ്ടുകളിൽ അഞ്ച് മത്സരങ്ങൾ വീതം കളിക്കും.
തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ ആദ്യ ഹോം മത്സരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രണ്ടാം റൗണ്ട് മുതൽ ആരംഭിക്കും.
മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം മലപ്പുറം എഫ്.സിയും തൃശൂർ എഫ്‌സിയും പങ്കിടുമ്പോൾ കണ്ണൂർ എഫ്.സിയും കാലിക്കറ്റ് എഫ്.സിയും കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയവും പങ്കിടും.
ഓരോ ടീമിലും ആറ് വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്താനാവുക.
എന്നാൽ, പരമാവധി നാല് വിദേശ താരങ്ങളെ മാത്രമേ മത്സരത്തിൽ ഇറക്കാനാവൂ.
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗും ഉൾപ്പെടെ കളിച്ച പ്രഫഷനൽ ഇന്ത്യൻ താരങ്ങളും ഉയർന്നുവരുന്ന താരങ്ങളും ടീമുകളിൽ അണിനിരക്കും.
10 റൗണ്ട് പോരാട്ടങ്ങൾക്കൊടുവിൽ ലീഗ് സെമി ഫൈനലിലേക്ക് കടക്കും.
ആദ്യ സെമി കോഴിക്കോട്ടും
രണ്ടാം സെമി മലപ്പുറത്തുമാകും നടക്കുക.
കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാകും ഫൈനൽ അരങ്ങേറുക.
മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ഫസ്റ്റിൽ ലഭ്യമാകും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങൾ കാണാനാകും.