അടിമവ്യാപാരം
മനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ് അടിമവ്യാപാരം. ചരിത്രാതീതകാലം മുതൽ അടുത്തകാലംവരെ അടിമകളെ വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള വ്യാപാരസമ്പ്രദായങ്ങളും വിപണികളും ഉണ്ടായിരുന്നു. അടിമവ്യാപാരത്തിന് രജിസ്റ്റർ ചെയ്ത കമ്പനികൾ, മനുഷ്യച്ചരക്ക് നിറച്ച കപ്പലുകൾ, അടിമച്ചന്തകൾ, ചങ്ങലകൊണ്ടുബന്ധിച്ച അടിമവേലക്കാർ, ആൾപിടിത്തക്കാർ-ഇതെല്ലാം അടുത്തകാലംവരെ വസ്തുതകളായിരുന്നുവെന്ന് വിശ്വസിക്കാൻ ഇന്ന് പ്രയാസം തോന്നാം.
അടിമച്ചന്തകൾ വിജയനഗരത്തിലുമുണ്ടായിരുന്നു. കൊച്ചി തുറമുഖത്തും കോഴിക്കോട്ടും പൊന്നാനിയിലും കൊല്ലത്തും ചെന്നൈയിലും നാഗപട്ടണത്തും വിദേശക്കപ്പലുകൾ വന്ന് ഇന്ത്യയിൽനിന്ന് നിർഭാഗ്യവാൻമാരായ മനുഷ്യരെ വാങ്ങി അടിമക്കമ്പോളങ്ങളിൽ വിറ്റിരുന്നു.
വയനാട്ടിൽ മാനന്തവാടിക്കടുത്ത വള്ളൂർക്കാവിൽ ഉത്സവകാലത്ത് സമീപസ്ഥരായ കൃഷിക്കാർ പണിയരെ ഒരു സംവത്സരക്കാലം പണിക്കായി നില്പുപണം കൊടുത്ത് റിക്രൂട്ട് ചെയ്തിരുന്നു. നിരവധി പണിയർ അങ്ങിങ്ങായി കൂട്ടംകൂടി നില്ക്കുന്നതും കൃഷിക്കാർ അവരുമായി നില്പുപണസംഖ്യയെക്കുറിച്ച് സംസാരിക്കുന്നതും പണ്ടത്തെ അടിമച്ചന്തയുടെ ഒരു നിഴലാട്ടംപോലെ തോന്നും.
അടിമസമ്പ്രദായം നിർത്തി നൂറിലധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിന്റെ നിഴൽ വയനാട്ടിൽനിന്ന് തീരെ തിരോധാനം ചെയ്തിട്ടില്ല. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി, അടിയന്റെ പുറം തമ്പുരാന്റെ കൈ എന്നിങ്ങനെയുള്ള ചൊല്ലുകൾ പഴയ അടിമത്തത്തിന്റെ മാറ്റൊലിയായി മലയാളത്തിൽ അവശേഷിക്കുന്നു.