മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ..? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും, സമാനമായ അവസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്.
വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക, തല പല ദിശയിൽ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങൾ…
തൊണ്ടയിലെ തടസ്സങ്ങൾ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്.
ടോൺസിൽസിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലർജിക് റൈനിറ്റിസ് പോലുള്ള അലർജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്.
സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോൾ ഉറക്കവും തിരികെയത്തും.
തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാൻ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലർജി കൂട്ടാം.
രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോൾ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികൾക്കും അയവ് സംഭവിച്ച് ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.
കുട്ടിയുടെ പകൽ സമയത്തെ ഉറക്കം നിരീക്ഷിച്ചാൽ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ വേഗത്തിലാകും കുട്ടികൾ ശ്വസിക്കുക. ഉറങ്ങിക്കഴിഞ്ഞാൽ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവർ ഇടയ്ക്ക് നിർത്തി കുറച്ചു സെക്കൻഡിനുശേഷം വീണ്ടും ശ്വാസമെടുക്കും.
മൂന്നു മുതൽ പത്തു വയസ്സുള്ള കുട്ടികളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഇത് കൂടുതൽ കണ്ടുവരുന്നത് ആറു മുതൽ പത്തു വയസ്സുവരെ ഉള്ളവരിലാണ്.
തുടർച്ചയായി രാത്രി ശ്വാസം മുട്ടലുണ്ടെങ്കിലും കൂർക്കംവലി പതിവാണെങ്കിലും ഡോക്ടറെ കാണണം. തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായേക്കാം.
മറ്റു പ്രശ്നങ്ങൾ :
ചില കുട്ടികൾ രാത്രിയിൽ എണീറ്റ് നടക്കും. ചിലർ പിച്ചും പേയും പറയും. നമ്മൾ ചോദിക്കുന്നതിന് ഉത്തരം നൽകുമെങ്കിലും ഒന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല. അസ്വസ്ഥമായ ഉറക്കമാണ് ഇവയ്ക്കു പിന്നിൽ. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ മിക്കവരിലും ഈ പ്രശ്നങ്ങൾ തനിയെ മാറിക്കോളും.
ചെറിയ പനി വന്നാൽ പോലും കുട്ടിക്ക് ഉറക്കം നഷ്ടപ്പെടാം. ഉണർന്ന് കരയുന്നുണ്ടെങ്കിലോ വളരെ അസ്വസ്ഥനായി ഉറങ്ങുകയാണെങ്കിലോ മൂത്രത്തിൽ പഴുപ്പ്, ചെവി പഴുപ്പ് പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്നു സംശയിക്കാം.
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ ഉള്ള കുട്ടികളിലും ഉറക്കപ്രശ്നം കാണാറുണ്ട്. ഏകാഗ്രതക്കുറവാണ് ഈ കുട്ടികളുടെ പ്രശ്നം. ഉറക്കവും ഏകാഗ്രതയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഒരേ ഭാഗമാണ്.
ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികൾ പകൽ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.
രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണർത്തി ട്യൂഷൻ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാധിക്കും. എന്ന ഈ അവസ്ഥ വന്നാൽ കുട്ടിക്ക് നന്നായി ഉറക്കം കിട്ടാതെ പഠനത്തിൽ പിന്നോട്ട് പോവുകയേ ഉള്ളൂ.
രണ്ടുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 10 മുതൽ 19 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് കണക്ക്. രണ്ടു മുതൽ 12 മാസം വരെയുള്ള കുഞ്ഞുങ്ങൾ 12–14 മണിക്കൂറും ഒന്നു മുതൽ മൂന്നു വയസ്സുള്ള കുട്ടികൾ 11–13 മണിക്കൂറും മൂന്നു മുതൽ പത്ത് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ 9–10 മണിക്കൂറും ഉറങ്ങണം.
ദഹന പ്രശ്നങ്ങൾ :
തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നതും ഉറങ്ങാൻ മടി കാണിക്കുന്നതു ദഹന പ്രശ്നങ്ങൾ കൊണ്ടാകാം…
അമിത കാലറിയുളള ഭക്ഷണം കുട്ടികളിൽ ഉറക്കക്കുറവുണ്ടാക്കും. ബർഗർ, ഇറച്ചി വിഭവങ്ങൾ, വറുത്തതും പൊരിച്ചതും, ബേക്കറി പലഹാരങ്ങൾ എന്നിവ കുറയ്ക്കുക. സ്കൂൾ ബ്രേക് ടൈമിൽ കഴിക്കാൻ സ്നാക്ക് ബോക്സുകളിൽ പഴങ്ങൾ കരുതുക.
ഉറക്ക സമയത്തിന് ഒരു മണിക്കൂർ മുമ്പ് മക്കളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം നൽകരുത്…
എരിവും പുളിയും എണ്ണമയവുമുള്ള ഭക്ഷണം കഴിവതും കുറയ്ക്കുക. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവും അത്താഴത്തിൽ ഒഴിവാക്കണം. ഇവ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയുണ്ടാക്കും.
അത്താഴത്തിൽ അമിത മസാലയും എണ്ണമയവും കുറയ്ക്കുക. കാപ്പി, ചായ ഉപയോഗവും രാത്രി വേണ്ട.
പാസീവ് ഫീഡിങും തീരെ ചെറിയ കുഞ്ഞുങ്ങളിൽ പ്രശ്നമാകും. രണ്ടു മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണമെന്നാണ് രീതിയെങ്കിലും മിക്ക അമ്മമാരും കുഞ്ഞുങ്ങൾ കരയുമ്പോഴെല്ലാം പാൽ കൊടുക്കും. ഇത് പാൽ തികട്ടി വരാനിടയാക്കും.
കുഞ്ഞുങ്ങൾക്ക് എപ്പോൾ പാൽ കൊടുത്താലും കിടത്തും മുമ്പ് ഗ്യാസ് തട്ടികളയണം. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയാൻ വിട്ടുപോയാൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടാകും. കുടലിൽ വായു വിലങ്ങിയുണ്ടാകുന്ന ‘കോളിക്’ എന്ന അവസ്ഥ മൂലമാണ് മിക്ക നവജാത ശിശുക്കളും ഉറക്കമില്ലാതെ കരയുന്നത്.
അയൺ കുറവുള്ള കുട്ടികളിലും കാൽസ്യം കുറവുള്ള കുട്ടികളിലും ‘റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം’ എന്ന ഉറക്കപ്രശ്നം കാണാം. ഉറക്കത്തിനിടയിൽ കാലുകൾ ചലിപ്പിക്കുക, ഇടയ്ക്കിടെ കാലിടറുന്നതു പോലെ തോന്നുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
ജങ്ക് ഫുഡ് ശീലവും ഉറക്ക പ്രശ്നവുമുള്ള കുട്ടികൾക്ക് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.