കോട്ടയം: പിതാവിനെ മകൻ കമ്ബിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുല്‍ തർക്കത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും