ദോഹ: മല്‍ഖാ റൂഹി ചികിത്സാ ധനസമാഹരണ കാമ്ബയിനിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ റിയാലിന്റെ (1.55 കോടി രൂപ) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഖത്തർ ചാരിറ്റിക്ക് കൈമാറി.
ഖത്തറിലുള്ള പാലക്കാട് മേപ്പറമ്ബ് സ്വദേശികളായ ദമ്ബതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്ബത് മാസം മാത്രം പ്രായമുള്ള മല്‍ഖാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികിത്സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസത്തിലാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സ ധനസമാഹരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.
കെ.എം.സി.സി അടക്കമുള്ള വിവിധ മലയാളി സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടെ ഖത്തറിലെ പൊതു സമൂഹത്തിന്റെ സ്തുത്യർഹമായ ഇടപ്പെടലുകളുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമായാണ് 74 ലക്ഷം റിയാലില്‍ അധികം തുക ഖത്തർ ചാരിറ്റിക്ക് സമാഹരിക്കാൻ സാധിച്ചത്.
കെ.എം.സി.സി സംഘടന സംവിധാനം വഴി വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ ഓരോ അംഗങ്ങളെയും സമാഹരണത്തിന്റെ ഭാഗമാക്കിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ച്, തുടങ്ങി മറ്റു പരിപാടികള്‍ സംഘടിപ്പിച്ചുമാണ് ധനസമാഹരണം നടത്തിയത്.
ഖത്തർ ചാരിറ്റി കെ.എം.സി.സി.ക്ക് നല്കിയ ഇമ്ബാക്ട് ലിങ്ക് വഴി ആദ്യ ഘട്ടം 5.80 ലക്ഷം റിയാല്‍ ഓണ്‍ലൈനായി കൈമാറിയിരുന്നു. ധനസമാഹരണ ദൗത്യം അവസാനിപ്പിച്ച ഖത്തർ ചാരിറ്റി അറിയിപ്പിനെതുടർന്ന് ലഭിക്കാനുണ്ടായിരുന്ന ഓഫർ തുക സമാഹരിച്ച് രണ്ടാം ഘട്ടമായി നേരിട്ടും കൈമാറി. ആകെ 6.77 ലക്ഷം റിയാലാണ് സമാഹരിച്ചത്.
ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി ഒഫിഷ്യലുകളായ ആമിർ അല്‍ ബിസ്രി, മർവാൻ അബു ലുഗൂദ് എന്നിവർക്ക് കൈമാറി. കെ.എം.സി.സിയുടെ മികച്ച പ്രവർത്തനത്തിന് അംഗീകാര പത്രവും ചാരിറ്റിയുടെ ഉപഹാരവും നേതാക്കള്‍ സ്വീകരിച്ചു. ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സല്മാൻ എളയടം, ഷംസുദ്ദീൻ വാണിമേല്‍ സംബന്ധിച്ചു.