തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് തെക്കൻകേരളത്തില് സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് തെക്കൻ കേരളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മണ്ഡലങ്ങളുടെ ചുമതല എം.എല്‍.എ.മാർ ഉള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷണസമിതിക്കു നല്‍കും.
ഇവരുടെ നേതൃത്വത്തില്‍ പ്രവർത്തനം മെച്ചപ്പെടുത്തി യു.ഡി.എഫിനു മികച്ച വിജയമൊരുക്കാനാണു ശ്രമം.
സംഘടനാസംവിധാനവും മുന്നണിബന്ധവും ശക്തിപ്പെടുത്തി സർക്കാരിനെ നേരിടുകയാണു ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് തെക്കൻകേരളത്തിലെ എട്ടുജില്ലകളിലെ നേതാക്കളുടെ സംഗമം ചൊവ്വാഴ്ച ആലപ്പുഴയില്‍ നടക്കുന്നത്.
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാനാണ് നേതൃസംഗമത്തിലൂടെ ശ്രമിക്കുക. ഓരോ ജില്ലയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രശ്നങ്ങള്‍ ചർച്ചചെയ്യും. ആ ജില്ലകളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാൻജി, നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പോഷകസംഘടനാപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് താഴെത്തട്ടില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള അഭിപ്രായംതേടും.
ഇതില്‍ ചർച്ചനടത്തി നയം രൂപവത്കരിച്ചശേഷമാകും രണ്ടാംഘട്ടത്തിലെ ജില്ലാതല യോഗങ്ങള്‍. പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചാകുമത്.