കുവൈത്ത് സിറ്റി:അധ്യാപികയ്ക്കെതിരേ സ്കൂള്‍ കോംപൗണ്ടില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ വാച്ച്മാനെ വധശിക്ഷയ്ക്കു വിധിച്ച് കുവൈത്ത് കോടതി
അതേ സ്കൂളിലെ പ്രവാസിയായ സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരേയാണ് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതിയുടെ നാടോ പേരോ അതിക്രമം നടന്ന സ്കൂളിന്റെ വിശദാംശങ്ങളോ കുവൈത്ത് പൊലിസ് പുറത്തുവിട്ടിട്ടില്ല.
മറ്റാരുമില്ലാത്ത സമയത്ത് അധ്യാപികയുടെ മുറിയില്‍ അതിക്രമിച്ചു കയറി വാച്ച്മാന് അവരെ കയറിപ്പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അധ്യാപിക ചെറുത്തു നില്ക്കാന് ശ്രമിച്ചെങ്കിലും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു.എന്നാല്‍ യുവതി ബഹളം വെച്ചതോടെയാണ് ഇയാള്‍ ഇറങ്ങിയോടി. ഉടന്‍ തന്നെ അധ്യാപിക പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലൈംഗിക പീഡനത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത പബ്ലിക് പ്രൊസിക്യൂഷന് ഇയാള്‍ക്കെതിരേ ശക്തമായ കേസ് കോടതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. കേസിന്റെ തെളിവിനായി സിസിടിവി ദൃശ്യങ്ങള്‍ ഹാജറാക്കി കോടതിയില്‍. യുവതിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു സിസിടിവിയെ ദൃശ്യങ്ങള്‍. തുടർന്ന് കേസ് പഠിച്ച ശേഷം ജഡ്ജ് വിധി പറയുകയായിരുന്നു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് അതും സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി ജീവനക്കാരന് ഇത്തരമൊരു കുറ്റകൃത്യം ചെയ്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രൊസിക്യൂഷന് വാദിച്ചു. ഇയാള്‍ കുറ്റകൃത്യം ചെയ്തതായി അസന്നിഗ്ധമായി കോടതി മുമ്ബാകെ തെളിയിക്കുന്നതിലും പ്രൊസിക്യൂഷന് വിജയിച്ചു.
കേസില്‍ വിശദമായ വാദം കേട്ട കുവൈത്ത് ക്രിമിനല്‍ കോടതി സെക്യൂരിറ്റി ഗാര്‍ഡിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അധ്യാപികയ്ക്കെതിരായ ആക്രമണം ആസൂത്രിതവും നേരത്തേ തീരുമാനിച്ചുറപ്പിച്ചതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗികാതിക്രമ സംഭവങ്ങളോട് കുവൈത്തിലെ നിയമം പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് സ്കൂളുകള്‍ പോലുള്ള സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ വച്ച് നടന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ചുള്ളതാണ് കോടതി വിധിയെന്നും കുവൈത്തിലെ ഒരുകൂട്ടം ജനങ്ങള്‍ പറയുന്നു.