പട്ന: ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍.
ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്.
ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി. ആണ്‍സുഹൃത്ത് മകളെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊലപാതകമെന്നും കാജല്‍ പറഞ്ഞു. പ്രസിദ്ധമായ ടി.വി. ഷോ ‘ക്രൈം പട്രോള്‍’ ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്.
മുസാഫർപുരിലെ മിനാപുരില്‍ പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്.
അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിനിടെ യുവതിയുടെ വീടിന്റെ തറയിലും സിങ്കിലും ടെറസ്സില്‍നിന്നും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലില്‍ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭർത്താവ് മനോജിനെ വിളിച്ച് അറിയിച്ചിരുന്നു.
പിന്നാലെ മനോജ് നല്കിയ പരാതിയില്‍ പോലീസ് കാജലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയെ പരിശോധനയ്ക്കൊടുവില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.
ചോദ്യംചെയ്യലിനിടെ താൻ രണ്ടുവർഷത്തോളമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് യുവതി മൊഴിനല്‍കി.
ആണ്‍സുഹൃത്തിനൊപ്പം മാറിത്താമസിക്കുമ്ബോള്‍ കുട്ടിയേയും കൂടെ കൊണ്ടുപോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാല്‍, ആണ്‍സുഹൃത്ത് ഇത് എതിർത്തു. പിന്നാലെ കുട്ടിയെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി അവധേഷ് ദീക്ഷിത് അറിയിച്ചു.
വീട്ടിലെ രക്തക്കറ കഴുകിക്കളയാൻ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍, ഫൊറൻസിക് സംഘത്തിന് ഇതിന്റെ അംശങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി.
യുവതി തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി നിലവില്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.