തലമുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.
അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തേന്‍
തേന്‍ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് മൂന്ന് കപ്പ് ചെറുചൂടുവെള്ളം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഇവ തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
വെളിച്ചെണ്ണ
നാല് ടീസ്പൂണ്‍ വെളിച്ചെണ്ണ മുടിയുടെ അറ്റം വരെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പപ്പായ
പപ്പായയുടെ പള്‍പ്പ് പകുതിയെടുക്കുക. ശേഷം ഇവ ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും ബദാം ഓയിലും ചേര്‍ത്ത് തലമുടിയില്‍ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം.
പഴം
പഴുത്ത പഴം നന്നായി ഉടച്ച് തലമുടിയുടെ അറ്റത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകാം.
മുട്ട
തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. ഇതിനായി ഒരു മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് നാല് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ തലമുടിയിലും അറ്റത്തും പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഉള്ളി നീര്
ഒരു ടീസ്പൂണ്‍ ഉള്ളി നീരും വെളിച്ചെണ്ണയും ഒലീവ് ഓയിലും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.