വയനാട് :മുസ്്ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂർത്തിയായി. മേപ്പാടിയിൽ നടന്ന ചടങ്ങളിൽ 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്കൂട്ടറുകളും കൈമാറി. ദുരന്തബാധിതർക്ക് ജീവിതോപാധിയായാണ് ടാക്സി വാഹനങ്ങൾ നൽകിയത്.
മുസ്്ലിം ലീഗ് ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ വാഹനങ്ങളുടെ താക്കോൽ കൈമാറി. സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ 651 ദുരിതബാധിതർക്ക് 15000 രൂപ വീതവും, 57 കച്ചവടക്കാർക്ക് 50,000 രൂപ വീതവും വിതരണം ചെയ്തിരുന്നു.
ചടങ്ങിൽ ജില്ലാ മുസ്്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി മമ്മൂട്ടി, അഡ്വ: ഷാഫി ചാലിയം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ, സെക്രട്ടറി ടി.പി.എം ജിഷാൻ, റസാഖ് കൽപ്പറ്റ, പി.പി അയ്യൂബ്, എം ബാപ്പുട്ടി, ടി.ഹംസ, എം എ അസൈനാർ, സലീം മേമ്മന, സഫറുള്ള അരീക്കോട്, സി.എച്ച് ഫസൽ, സി.മൊയ്തീൻ കുട്ടി, ഫായിസ് തലക്കൽ, നജീബ് കാരാടൻ, പി.കെ അഷ്റഫ്, സി. ശിഹാബ്, സമദ് കണ്ണിയൻ തുടങ്ങിയവർ സംബന്ധിച്ചു.
പദ്ധതിയുടെ നാലാം ഘട്ടത്തിൽ ദുരിതബാധിത മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ കെ.എം. സി.സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. 55 അപേക്ഷകളിൽനിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകും.
ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങൾക്ക് സഹായിക്കുന്നതിനായി ലീഗൽ സെൽ രൂപീകരിച്ചു. ലോയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നൽകുന്നത്. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 15 ലക്ഷം രൂപ ചിലവിൽ 1000 സ്ക്വയർ ഫീറ്റ് വീടും നിർമ്മിച്ച് നൽകും.
ആദ്യഘട്ടത്തിൽ മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ കളക്ഷൻ സെന്റർ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫർണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിൽ കഴിയുന്നവരുമായ ദുരന്തബാധിതർക്ക് വിതരണം ചെയ്തു.
രണ്ട് കോടിയിലധികം രൂപയുടെ സഹായങ്ങൾ ഇതിനകം കളക്ഷൻ സെന്റർ വഴി വിതരണം ചെയ്തുകഴിഞ്ഞു.