മേപ്പാടി: നാളുകള്‍ക്കുശേഷം സ്കൂള്മുറ്റത്തെത്തിയപ്പോഴും അവർ നിറഞ്ഞൊന്നു ചിരിച്ചില്ല, ഓടിയെത്തി ചേർന്നുനിന്നില്ല.
എല്ലാം ഒരു മന്ദഹാസത്തിലൊതുക്കി. ചിലർ ഒന്നും പറയാതെ തമ്മില്‍ കൈകൊടുത്ത് നടന്നുനീങ്ങി. നിശ്ശബ്ദതമാത്രം നിറഞ്ഞുനിന്നു. ഹിന, ശരണ്‍, മുഹമ്മദ് നൈഷാൻ… മൂകതയെ മുറിച്ച് മൂന്നു പേരുകള്‍മാത്രം അവിടെ ഉയർന്നു. പ്രിയപ്പെട്ട സഹപാഠികളുടെ ഓർമ്മയില്‍ അവർക്ക് പ്രാർഥനയോടെയും കണ്ണീരോടെയും അന്ത്യാഞ്ജലിയർപ്പിച്ച് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂള്‍ അറിവിന്റെ ലോകത്തേക്ക് തിരികെനടന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടർന്ന് ദുരിതാശ്വാസക്യാമ്ബായി പ്രവർത്തിച്ച മേപ്പാടി ജി.എച്ച്.എസ്.എസ്. 28 ദിവസത്തിനുശേഷം തുറന്നപ്പോള്‍ കാഴ്ചകളൊക്കെയും കണ്ണീരണിഞ്ഞു.
ശരണും നൈഷാനും ഹിനയും ഒപ്പമില്ലെന്ന് ഓർക്കാൻപോലും അവർക്കാവുന്നുണ്ടായിരുന്നില്ല. ഉരുള്‍പൊട്ടലില്‍ വിടപറഞ്ഞവർക്ക് സ്കൂള്‍മുറ്റത്തുവെച്ചുതന്നെ അധ്യാപകരും കുട്ടികളും പി.ടി.എ. അംഗങ്ങളും ചേർന്ന് ആദരാഞ്ജലിയർപ്പിച്ചു. വിടപറഞ്ഞവരുടെ പേരുപറഞ്ഞപ്പോള്‍ സഹപാഠികളുടെ മുഖംവാടി. കണ്ണടച്ച് കൈകൂപ്പിനിന്ന് പ്രാർഥിച്ചു.
ശരണിനൊപ്പം ഒരു ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന റിസ്വാന് അധികനേരമൊന്നും പിടിച്ചുനില്‍ക്കാനായില്ല. കൂടുതല്‍ കേള്‍ക്കാനും നിന്നില്ല. അസംബ്ലിയില്‍നിന്ന് തിരികെപ്പോന്നു. സ്റ്റാഫ് റൂമിലെ ബെഞ്ചില്‍ തളർന്നിരുന്നു.
രാധ ടീച്ചർ അവനെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. സങ്കടംകൊണ്ട് ഒന്നും പറയാനാവാതെ അവൻ വിങ്ങിപ്പൊട്ടി. അതുവരെയുണ്ടായിരുന്ന വെയില് മാഞ്ഞ്, നൊമ്ബരമെന്നോണം മഴപെയ്തുതുടങ്ങി.
ചൂരല്‍മലയിലെ അലനും ആദിലും ജിസാനും അലൻ സുനിലുമെല്ലാം ഒരുമിച്ചാണ് സ്കൂളിലെത്തിയത്. “ശരണും നൈഷാനും ഞങ്ങളോടൊപ്പം ഒന്നാംക്ലാസ് മുതലുള്ളതാ. ഞങ്ങളെന്നും ഒരുമിച്ചാണ്.”-അലന് കൂടുതലൊന്നും പറയാൻ സാധിച്ചില്ല. ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടെത്തിയതിനാല് അവർക്കൊന്നും യൂണിഫോം ഉണ്ടായിരുന്നില്ല. ചൂരല്‍മലയില്‍ ഒരുമിച്ചുകഴിഞ്ഞവർ ഇപ്പോള്‍ പലഭാഗങ്ങളിലുമായി.
“നല്ല സ്നേഹമുള്ള കുട്ടികളായിരുന്നു. ഞങ്ങള്‍ പഠിപ്പിച്ച കുട്ടികളല്ലേ. ആ മുഖങ്ങള്‍ മനസ്സില്‍നിന്ന് മായില്ലൊരിക്കലും.”-അധ്യാപകർ പറഞ്ഞു.
“ദുരിതബാധിതരുടെ കഷ്ടപ്പാടുകളില്‍ നമ്മള് കൂടെനില്‍ക്കണം. അവർക്ക് തുണയാവണം.”-അനുശോചനയോഗത്തില്‍ പ്രിൻസിപ്പല്‍ ജെസി പെരേര പറഞ്ഞു.
തുടർന്ന് സംസാരിച്ച പി.ടി.എ. പ്രസിഡന്റ് പി.ടി. മൻസൂർ, എസ്.എം.സി. ചെയർമാൻ ഷംസുദ്ദീൻ അരപ്പറ്റ, പ്രധാനാധ്യാപകൻ പോള്‍, എൻ.എസ്.എസ്. കോഡിനേറ്റർ വി.വി. സുരേന്ദ്രൻ തുടങ്ങിയവരും അതിജീവനത്തെക്കുറിച്ച് വിശദീകരിച്ചു. ക്ലാസ്മുറികളിലും മൂകതയായിരുന്നു.
പ്ലസ്വണ് കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥിയായിരുന്നു ശരണ്‍. മുഹമ്മദ് നൈഷാൻ കൊമേഴ്സ് വിദ്യാർഥിയും ഹിന പ്ലസ്ടു കംപ്യൂട്ടർ കൊമേഴ്സ് വിദ്യാർഥിയുമായിരുന്നു.