വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീപ്പ് നഷ്ടമായ നിയാസിന് വേറെ ജീപ്പ് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ വാഹനം കൈമാറിയത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ജീപ്പിനടുത്ത് നില്‍ക്കുന്ന നിയാസിന്റെ സങ്കടകരമായ ദൃശ്യങ്ങള്‍ കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് നിയാസിന് ജീപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ജീപ്പ് നല്‍കുമെന്ന് രാഹുല്‍ പ്രഖ്യാപനം നടത്തിയിരുന്നു.
വേറെ ജീപ്പ് എന്ന നിയാസിന്‍റെ ആഗ്രഹം സഫലമാക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് താക്കോല്‍ കൈമാറിക്കൊണ്ട് രാഹുല്‍ പറഞ്ഞു.നിയാസ് ഓടിച്ചിരുന്ന ജീപ്പിനോട് സാമ്യമുള്ള ജീപ്പാണ് കൈമാറിയത്.
ഇടുക്കി അടിമാലിയില്‍ നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വാഹനം വാങ്ങിയത്. ഓടിച്ചിരുന്ന അതേ ജീപ്പ് ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് നിയാസ് പറഞ്ഞിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ വഴി വഴി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് ഇടുക്കിയില്‍ നിന്നും ഇതേ രീതിയിലുള്ള സെക്കൻഡ് ഹാൻഡ് ജീപ്പ് കണ്ടെത്തി വാങ്ങിയത്.
വയനാട് ചൂരല്‍മല സ്വദേശിയാണ് നിയാസ്. വിനോദസഞ്ചാരികള്‍ക്കായി ജീപ്പ് സർവീസ് നടത്തുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലാണ് നിയാസിന്റെ ജീവിതമാര്‍ഗമായ ജീപ്പും തകര്‍ന്നത്. ജീപ്പ് നഷ്ടമായതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു നിയാസ്.
ഇത് മനസിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് സഹായവുമായി എത്തിയത്. ധനസമാഹരണം നടത്തിയാണ് ജീപ്പിനുള്ള തുക യൂത്ത് കോണ്‍ഗ്രസ് കണ്ടെത്തിയത്