ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ പശുക്കടത്ത് ആരോപിച്ച് പോലിസ് സംഘം പിന്തുടര്‍ന്ന മുസ് ലിം യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജിം പരിശീലകനായ യുവാവ് സ്കൂട്ടറില്‍ പോവുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോള്‍ കുളത്തില്‍ വീണ് മരിച്ചെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പോലിസിലെ ഗോരക്ഷാ സ്ക്വാഡ് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുളത്തില്‍ തള്ളിയതാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചു.
ഹരിദ്വാര്‍ ജില്ലയിലെ ഗംഗനഹര്‍ പോലിസ് പരിധിയിലുള്ള മധോപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സമീപ ഗ്രാമമായ സോഹല്പൂര് ഗഡയിലെ താമസക്കാരനായ വസീം ഖുറേഷി മോനുവാണ് മരിച്ചത്. ഗോഹത്യ നടത്തുന്നുണ്ടെന്ന ഗോരക്ഷാ ദളിന്റെ പരാതിയില്‍ ലോക്കല്‍ പോലിസിന്റെ കന്നുകാലി സംരക്ഷണ സ്ക്വാഡ് പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടെ സ്കൂട്ടറില്‍ വരികയായിരുന്ന വസീം ഖുറേഷിയോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്കൂട്ടര്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചുപോയെന്നും പിന്നീട് കണ്ടെത്തിയില്ലെന്നുമാണ് പോലിസ് പറയുന്നത്. ഞായറാഴ്ച രാവിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവ് വലിയ കുളത്തിലേക്ക് ചാടിയെന്നും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്.മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. യുവാവിനെ പോലിസ് കുളത്തിലെറിഞ്ഞ് കൊന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രോഷാകുലരായ പ്രദേശവാസികള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോവാനെത്തിയവരെ തടഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ പോലിസ് മൃതദേഹം ബലമായി കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോവുകയായിരുന്നു.
ഇരയുടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളും മറ്റു കാര്യങ്ങളും പരിശോധിച്ച് വരികയാണെന്നും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും റൂര്‍ക്കി സര്‍ക്കിള്‍ ഓഫിസര്‍ നരേന്ദ്ര പന്ത് സിഒ പറഞ്ഞു. വിവരമറിഞ്ഞ് എംഎല്‍എ വീരേന്ദ്ര ജാതി, ഭീം ആര്‍മി പ്രവര്‍ത്തകര്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി. ജിം പരിശീലകനായിരുന്ന യുവാവ് സഹോദരിയെ കാണാനാണ് മധോപൂരില്‍ എത്തിയതെന്നും രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലിസ് പിടികൂടി മര്‍ദ്ദിച്ച് കുളത്തില്‍ തള്ളിയെന്നും എംഎല്‍എ വീരേന്ദ്ര ജാതി പറഞ്ഞു. ഉത്തരവാദികളായ എല്ലാ പോലിസുകാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലിസിന്റെ ഗോ സംരക്ഷണ സ്ക്വാഡ് വസീമിന്റെ പേര് ചോദിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ ഗോ സംരക്ഷണ സ്ക്വാഡ് തങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുകയും ചെയ്തതായും ഗ്രാമീണര്‍ വ്യക്തമാക്കി. സംഭവത്തില്‍ ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം അക്രമികള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, പ്രതിഷേധത്തിന്റെ പേരില്‍ ഗോസംരക്ഷണ നിയമം ചുമത്തി പ്രദേശവാസികളായ അലാവുദ്ദീന്‍ ഉള്‍പ്പെടെ 150ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.