പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളില്‍പ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തല്‍.
കൊച്ചി സർവകലാശാല സ്കൂള്‍ ഒഫ് എൻവയണ്മെന്റല് സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്‍പ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്.
ഇന്ത്യയില്‍ ലഭ്യമായ 45 ഇനം ഫേസ്വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെല്‍, ബോഡി സ്ക്രബ് ബ്രാൻഡുകളില്‍ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുള്‍പ്പെടും. എന്നാല്‍ ഉത്പന്നങ്ങളുടെ ലേബലില്‍ രാസസാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ കൗണ്‍സില്‍ ഫോർ സോഷ്യല്‍ സയൻസ് റിസർച്ചിന്റെ സാമ്ബത്തിക സഹായത്തോടെ, കുസാറ്റിലെ അദ്ധ്യാപിക ഡോ. സുജ പി. ദേവിപ്രിയയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ലേപനങ്ങളിലെ സുതാര്യ, വെള്ള, പച്ച, നീല, മഞ്ഞ, ചുവപ്പ്, പിങ്ക് തരികളില്‍ 1.34 ശതമാനം വരെ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. 5.04 ശതമാനം മൈക്രോപ്ലാസ്റ്റിക് അടങ്ങിയ ഉത്പന്നവും കണ്ടെത്തി. ലേപനത്തിന്റെ അളവുകൂട്ടാനും ആകർഷകത്വം വരുത്താനുമാണ് ഇവ ചേർക്കുന്നത്.
അമേരിക്കയിലും ബ്രിട്ടനിലും മറ്റും ഇവ നിരോധിച്ചിട്ടുണ്ട്. ഉള്ളടക്കം മറച്ചുവച്ചും പ്രകൃതിദത്തമെന്ന് തെറ്റിദ്ധരിപ്പിച്ചും ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യയിലും നിയമവിരുദ്ധമാണെങ്കിലും നിയന്ത്രിക്കാൻ നടപടികളില്ല. പ്ലാസ്റ്റിക് അംശമുള്ള ക്രീമുകള്‍ വായു, ജല മലിനീകരണത്തിനും ഇടയാക്കും.
ലേപനങ്ങളിലും ജെല്ലുകളിലും
കണ്ടെത്തിയ ഘടകങ്ങള്‍
1. പോളിഎഥിലീൻ
2.പോളിപ്രൊപ്പലീൻ
3. പോളിസ്റ്റൈറീൻ
4.പോളിഎറത്രെയ്ൻ
5. പോളികാപ്രോലാക്ടോണ്
6. സെല്ലുലോസ് മൈക്രോബീഡ്സ്
മൈക്രോപ്ലാസ്റ്റിക് അടങ്ങിയ ലേപനങ്ങള്‍ ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കാൻ നയം അനിവാര്യമാണ്. പ്ലാസ്റ്റിക് അംശം വെള്ളത്തിലൂടെയോ മത്സ്യത്തിലൂടെയോ ഉപ്പിലൂടെയോ ശരീരത്തിലെത്താം. 100 വർഷം വരെ ദ്രവിക്കാതിരിക്കുന്ന വസ്തുവാണിത്.
-ഡോ. സുജ പി. ദേവിപ്രിയ.