ഡല്‍ഹി: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വഡോദരയില്‍ മുതല കൂട്ടങ്ങള്‍ എത്തിയത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട വിഡിയോയില്‍ നഗരത്തിലെ അകോട്ട സ്റ്റേഡിയം പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മുതലയെ കാണാം. മുതലയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്സില്‍ പുറത്തുവന്ന മറ്റൊരു വിഡിേയായില്‍ തെരുവ് നായയയെ കടിച്ചുകൊണ്ട് വെളളത്തിലൂടെ നീങ്ങുന്ന മുതലയെയും കാണാം. മുതലയുടെ വിഡിയോ വൈറലായതോടെ ഇത്തരം സംഭവങ്ങള്‍ പലയിലടത്തും ഉള്ളതായി പരിസരവാസികള്‍ പ്രതികരിച്ചു. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ വഡോദരയിലെ പല പ്രദേശങ്ങളിലും മുതലക്കൂട്ടങ്ങള്‍ എത്തിയതായും ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍
വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതോടെ കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. വഡോദരയിലും പരിസരത്തും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന കൌണ്ടര്‍ എസ്ഡിആര്‍എഫിന്റെയും ടീമുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്