പുകവലി, മദ്യപാനം, പണാസക്തി, ലഹരിമരുന്നുകളുടെ ഉപയോഗം ഈ നാലുകാര്യങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെയും സംസ്കാരത്തെയും കാർന്നുതിന്നുകൊണ്ടിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഏറ്റവും വലിയ വിപത്തുക്കളാണ് ഇവ നാലും. വേറെ പല വിപത്തുകള്‍ ഉണ്ടെങ്കിലും അവയെല്ലാം തന്നെ ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലൂടെയാണിന്ന് മനുഷ്യ മനസ്സും ശരീരവും രോഗാതുരമായിക്കൊണ്ടിരിക്കുന്നത്.
ബാലന്മാർ മുതല്‍ വൃദ്ധന്മാർ വരെ പുകവലിയുടെ ഇരകളാണ്; വക്താക്കളാണ്. ബീഡി, സിഗരറ്റ്, ചുരുട്ട്, ഹുക്ക എന്നിവയാണ് ഇതില്‍ പ്രധാന ഇനങ്ങള്‍. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന, മാരകരോഗങ്ങളിലേക്ക് നയിക്കുന്ന മഹാവിപത്താണ് പുകവലി. ശീലിച്ചു കഴിഞ്ഞാല്‍ വിട്ടുമാറാൻ പ്രയാസമുള്ള ശീലമാണിത്.
നിക്കോട്ടിൻ എന്ന രാസവസ്തുവാണ് പുകയിലയിലുള്ളത്. സ്ഥിരമായുള്ള പുകവലിയുടെ ഉപയോഗം ഹൃദയത്തെയും കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു. പുകവലിയില്‍ നിന്നുള്ള പുകയില്‍ നിക്കോട്ടിനൊപ്പം കഠിന വിഷമായ കാർബണ്‍ മോണോക്സൈഡ് എന്ന വാതകവും ഉണ്ടായിരിക്കും. പുകവലിക്കുന്നവരുടെ സമീപത്തു നിന്ന് പുകയേല്‍ക്കുന്നതും വളരെയധികം ദോഷം ചെയ്യുന്നു.
കുടുംബങ്ങളുടെ യമനാണ് മദ്യം. മദ്യം ഒരു പരിധിവരെ ഉത്തേജകവസ്തുവായി പ്രവർത്തിക്കുന്നു. ടെൻഷൻ ഒഴിവാക്കുന്നതിനും ഭയമുണ്ടാകാതിരിക്കുന്നതിനും ദുഃഖം മറക്കാനും, സന്തോഷം കണ്ടെത്താനും പല കാരണങ്ങള്‍ കണ്ടെത്തി കുടിക്കാനുള്ള ലക്ഷ്യത്തില്‍ എത്തിക്കാൻ മദ്യത്തിന് കഴിയുന്നു.
ഇന്ന് സമൂഹത്തില്‍ മദ്യത്തില്‍ അടിമപ്പെടാനുള്ള സാധ്യത ഏറെയാണ്. ചിന്താശക്തി നഷ്ടപ്പെടുക, നാഡീതളർച്ച ഉണ്ടാവുക, ലിവർ തകരാറിലാവുക ഇത്തരത്തില്‍ പല രോഗാവസ്ഥകളാല്‍ മരണം വരെ സംഭവിക്കാനും മദ്യം പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
യുവലോകത്തെ അനുനിമിഷം കാർന്നു തിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്ന്. ഒരിക്കല്‍ ഇതില്‍ പെട്ടുപോയാല്‍ പിന്നെ അതില്‍ നിന്ന് കരകയറുക എന്ന് പറയുന്നത് വളരേ പ്രയാസകരമാണ്. മിടുക്കന്മാരായ പല യുവാക്കളെയും ചിന്താശക്തിയും കർമ്മശക്തിയും ആരോഗ്യവും നഷ്ടപ്പെടാൻ മയക്കുമരുന്ന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
അകത്തു ചെന്നാല്‍ ഇന്ദ്രിയങ്ങളെ മൊത്തം കാർന്നുതിന്നാൻ കെല്‍പ്പുള്ള മയക്കുമരുന്നുകളാണ് ഏറെയും. ഉപയോഗിച്ച് തുടങ്ങിയാല്‍ അതില്‍ നിന്ന് ഒരു വ്യക്തിയെ പിന്തിരിച്ച് പുതിയ ജീവിതത്തിലേക്ക് എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്കൂള്‍ കുട്ടികളിലും കോളേജ് വിദ്യാർത്ഥികളിലും ഒരു മഹാമാരിപോലെ ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണിത്. കറുപ്പ്, കൊക്കെയിൻ, കഞ്ചാവ്, ഹാഷിഷ് എന്നിങ്ങനെ പലതരത്തിലാണ് മയക്കുമരുന്നുകള്‍.
അതുപ്പോലെ തന്നെ മറ്റൊരു സാമൂഹിക വിപത്താണ് പണാസക്തി. ഏതെങ്കിലും ഒന്നിനോടുള്ള അടങ്ങാത്ത ആഗ്രഹത്തിനെയാണ് ആസക്തി എന്ന് പറയുന്നത്. പണത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് പണാസക്തി. പണം സമ്ബാദിക്കുന്നതില്‍ മാർഗ്ഗം ഏതാണെങ്കിലും സാരമില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആളുകള്‍ക്കും ഉള്ളത്. കാരണം, ഇന്നത്തെ സമൂഹത്തില്‍ എത്ര നീചമായ മാർഗ്ഗത്തിലൂടെയാണെങ്കിലും പണം നേടുന്ന വ്യക്തിയെ സമൂഹം എല്ലാം മറന്ന് ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. എന്നാലിത് വ്യക്തി ബന്ധങ്ങളെ തകർക്കുന്നതിനും, സ്നേഹം, കാരുണ്യം, സാഹോദര്യം, തുടങ്ങി എല്ലാ വികാരങ്ങളെയും പൂർണമായി നശിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.. പണത്തിനു വേണ്ടി വികലമായ വ്യക്തിത്വത്തിന്റെ ഉടമകളായിത്തീർന്നുകൊണ്ടിരിക്കുന്നു മനുഷ്യർ. അതിനാല്‍ പണം ഒരു ലഹരിയാണ്. മറ്റു മൂന്നെണ്ണത്തെപ്പോലെ തന്നെ നേടാൻ തുടങ്ങിയാല്‍ പിന്നെ അതും ഒരു തരം അഡിക്ഷനായി മാറുന്നു.