ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡല്‍ഹി ഹൈകോടതി തള്ളി.
ഇദ്ദേഹത്തിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഇപ്പോള്‍ വിഷാദാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സലാം രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിനെതിരെ ചുമത്തിയ കേസില്‍ ഇടക്കാല ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ, സലാം സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.
2022ല്‍ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
ഏപ്രില്‍ 17ന് രാത്രി കല്പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് ഒ.എം.എ സലാമിന്റെ മകള്‍ ഫാത്തിമ തസ്കിയ (23) മരിച്ചത്. മകളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ മൂന്ന് ദിവസത്തേക്ക് ഒ.എം.എ സലാമിന് ഉപാധികളോടെ പരോള്‍ ലഭിച്ചിരുന്നു. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ മാത്രമാണ് അന്ന് വീട്ടില്‍ ചെലവഴിക്കാൻ അവസരം ലഭിച്ചത്. പിന്നീട് തവനൂർ സെൻട്രല്‍ ജയിലില്‍ പാർപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാൻ സാധിച്ചിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. സന്ദർശകർക്ക് വിലക്കുള്ളതായി വീടിന് പുറത്ത് പൊലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.