തൃശൂർ: ഞങ്ങടെ കുട്ട്യോള്‍ക്കു നിർബന്ധിച്ചു മയക്കുമരുന്ന് കൊടുക്കുന്നതാ സാറേ, അല്ലാതെ ഇതൊക്കെ ഞങ്ങടെ മക്കള്‍ക്ക് എവിടുന്ന് കിട്ടാനാ…
ഊരുംപേരുമറിയാത്ത, കണ്ടാല്‍ പേടിയാകുന്ന കൊറേപേർ ഇവിടെ വരുന്നുണ്ട്. തൊട്ടടുത്തല്ലേ റെയില്വേറ്റേഷൻ. ആരൊക്കെയാ, എന്തൊക്കെയാ കൊണ്ടുവരണേന്ന് ഞങ്ങളെങ്ങന്യാ അറിയാ…
ശരിക്കും പെടിച്ചന്ന്യാ ഞങ്ങളിവിടെ കഴിയണേ…
ദിവാന്‍ജിമൂല നഗർ സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയോടു പ്രദേശവാസിയാ ഒരു വീട്ടമ്മ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. പരാതിക്കാരിയുടെ മകന്റെ കൈയില്‍നിന്ന് എംഡിഎംഎ കണ്ടെത്തിയതിനെക്കുറിച്ചു പറയുകയായിരുന്നു വീട്ടമ്മ. കുട്ടികള്‍ക്ക് ഇതു നല്‍കുന്നത് ആരാണെന്നു കണ്ടെത്തണമെന്നാ യിരുന്നു അവരുടെ ആവശ്യം.
മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഗുണ്ടാപ്രവർത്തനവും പരസ്യ ലഹരി ഉപയോഗവും വർധിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ ജനങ്ങളില്‍നിന്നു നേരിട്ടുചെന്നു പരാതി സ്വീകരിച്ചത്.
പുറമെനിന്ന് ആളുകളെത്തി ലഹരി ഉപയോഗത്തിനും മറ്റ് അസന്മാർഗിക പ്രവർത്തനങ്ങള്‍ക്കുമായി തന്പടിക്കുന്ന താവളങ്ങള്‍ പ്രദേശവാസികള്‍ പോലീസിനു കാണിച്ചുകൊടുത്തു. ഇതില്‍ ചില പൊളിഞ്ഞുവീഴാറായ കാടുപിടിച്ചുകിടക്കുന്ന കെട്ടിടങ്ങള്‍ പോലീസ് പൊളിച്ചുകളഞ്ഞു. വേറെയും ചില താവളങ്ങള്‍ ഇടിച്ചുകളയാനാണു പോലീസിന്റെ പരിപാടി. കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കാനും തീരുമാനിച്ചു. മേഖലയില്‍ രാത്രിയും പകലും പോലീസ് പട്രോളിംഗ് ശക്തമാക്കും.
അഴുക്കുചാല്‍ അടഞ്ഞുകിടക്കുന്നതു സംബന്ധിച്ച പരാതിയും ചിലർ ഉന്നയിച്ചു. ഇത് പരിഹരിക്കുമെന്നു സന്ദർശനത്തില്‍ പങ്കെടുത്ത കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരസ്യ ലഹരി ഉപയോഗവും മറ്റു കുറ്റകൃത്യങ്ങളും തടയാൻ കർശന നടപടി സ്വീകരിക്കുമെന്നു സുരക്ഷ ഉറപ്പാക്കുമെന്നും പ്രദേശവാസികള്‍ക്കു സിറ്റി പോലീസ് കമ്മീഷണർ ഉറപ്പുനല്‍കി.
ഒരാഴ്ച മുൻപ് എസിപി സലീഷ് ശങ്കരൻ ദിവാൻജിമൂല നഗർ സന്ദർശിച്ച് സാമൂഹ്യവിരുദ്ധരുടെ താവളങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. തുടർന്നാണു പ്രദേശവാസികളില്‍നിന്നു നേരിട്ടു പരാതിസ്വീകരിച്ചു നടപടിയെടുക്കാൻ തീരുമാനിച്ചത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സതീഷും സന്ദർശനത്തില്‍ പങ്കെടുത്തു.
മേഖലയില്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹവും നിവാസികള്‍ക്ക് ഉറപ്പുനല്‍കി. വില്ലേജ് ഓഫീസർ, കോർപറേഷൻ ഹെല്‍ത്ത് വിഭാഗം, ജനറല്‍ വിഭാഗം ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.