വാഴക്കുളം: ഹൃദയാഘാതംമൂലം മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് സൂചന. വാഴക്കുളം കാവന കുഞ്ഞുവീട്ടില്‍ ഷാമോന് (48) ആണ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഇളയ സഹോദരന് ഷിന്റോ അടക്കമുള്ള നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ 29 നു രാത്രി പത്തരയോടെ വാഴക്കുളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം മൂവാറ്റുപുഴ – തൊടുപുഴ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്.
ഷാമോനെ നിരവധി പേര് ചേര്‍ന്ന് മര്‍ദിക്കുന്നത് സമീപത്തെ ടെക്സ്റ്റൈല്‍ ഷോപ്പിലെ സി.സി.ടിവി. ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഇയാള്‍ അന്നു തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടിയശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പിറ്റേന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകവേ വഴി മധ്യത്തില്‍ മരിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആദ്യം കരുതിയത്. ഷാമോനെ കൂട്ടംചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പിന്നീട്. ഭാര്യ ഷൈന്‍ മൂവാറ്റുപുഴ നിരപ്പ് സ്വദേശിനിയാണ്. മക്കള്‍: ഷാരോണ്‍, ഷാനറ്റ്.