മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തക സമിതി യോഗം നടക്കുകയാണ്. പ്രസിഡണ്ട് ബാഫഖി തങ്ങളുടെ അസാധാരണമായൊരു പ്രസംഗം അംഗങ്ങൾ സാകൂതം കേൾക്കുകയാണ്.
തങ്ങൾ തുടർന്നു.” ഞാൻ ശാരീരികമായി വല്ലാത്ത അവസ്ഥയിലാണുള്ളത്. പഴയത് പോലെ കാര്യങ്ങളൊക്കെ ചെയ്യാൻ എനിക്കാവുന്നില്ല. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് നിങ്ങളുടെ ശ്രദ്ധയിലേക്ക് ഞാൻ കൊണ്ട് വരികയാണ്. മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് പദവിയിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും എന്നെ അതിന് അനുവദിക്കണം.”
സദസ്സ് ഒരു വേള സ്തംബ്ധരായെങ്കിലും നിശബ്ദതയെ കീറി മുറിച്ച് ഒരു ശബ്ദം വന്നു.”ഇസ്ലാമിക ചരിത്രത്തിൽ നേതൃത്വത്തിലുള്ളവർ പാതി വഴിയിൽ ഉപേക്ഷിക്കുന്ന പതിവില്ല. മരണം മാത്രമാണ് വിരാമത്തിന് കാരണമാവുക. നമ്മുടെ ഖലീഫമാർ ആരും ഇടക്ക് വെച്ച് അധികാരക്കൈമാറ്റം നടത്തിയിരുന്നില്ല. തങ്ങളേ നിങ്ങൾ ഞങ്ങളുടെ ഈ കാലഘട്ടത്തിലെ ഖലീഫയാണ്. പൂർവികരായവരുടെ വഴിയേ തന്നെ താങ്കളും നേതൃത്വത്തിൽ തുടരണം എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. “
മുസ്ലിം ലീഗ് നേതൃനിരയിലെ നിറ സാന്നിധ്യമായ എം.കെ.ഹാജി സാഹിബായിരുന്നു ഇങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ബാഫഖി തങ്ങൾക്ക് നിരാകരിക്കാൻ ആവുമായിരുന്നില്ല.
അതെ, ബാഫഖി തങ്ങൾ ഒരു കാലഘട്ടത്തിലെ മുസ്ലിം സമുദായത്തിന്റെ ഖലീഫ തന്നെയായിരുന്നു. ആർജ്ജവവും ആർദ്രതയും ആ ജീവിതത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. സ്വയം പ്രഖാപിത ഖലീഫ അല്ല, ആയിരങ്ങൾ മനസിൽ നിധിപോലെ സൂക്ഷിച്ച നേതാവിന് ഹൃദയത്തിൽ നിന്നും നൽകിയ ആദരവാണത്.
അരിക്കച്ചവടത്തിൽ തുടങ്ങി, ആഭ്യന്തര മന്ത്രിയെ തീരുമാനിക്കുന്ന അത്യുന്നത രാഷ്ട്രീയ നേതാവായി മാറിയ അദ്ദേഹം, അറിവുകൾ വേണ്ടുവോളം കരഗതമാക്കാൻ സാധിക്കാത്തതിന്റെ വിഷമം നന്നായറിഞ്ഞ്, മത രംഗത്തും ഭൗതിക രംഗത്തും ആർക്കും അവഗണിക്കാനാവാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ അഹോരാത്രം പണിയെടുത്ത നേതാവായിരുന്നു.
സമുദായത്തിലെ നല്ലതും അരുതാത്തതുമായ കാര്യങ്ങൾക്ക് സംഘടനാ മുദ്ര നൽകി പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ ഓർക്കുന്നത് ബാഫഖി തങ്ങളുടെ വിശാല മനസ്സിനെയാണ്. വിശ്വാസപരമായ ആദർശത്തിൽ വിരുദ്ധ ചേരിയിലാണെങ്കിലും കെ.എം. മൗലവിയുടെയും എം.കെ.ഹാജിയുടെയും തോളിൽ കയ്യിട്ട് കൊണ്ടായിരുന്നു ബാഫഖി തങ്ങൾ ജനഹൃദയങ്ങളെ കീഴ്പ്പെടുത്തിയത്.
മതത്തിന്റെ പേരിൽ പോരടിക്കുന്ന വർഗ്ഗീയക്കൊമരങ്ങളുടെ കയ്യിൽ നിന്ന് ആയുധം താഴെ വെപ്പിക്കാനുള്ള ബാഫഖി തങ്ങളുടെ അസാമാന്യ ധൈര്യം നടുവട്ടത്തും പയ്യോളിയിലും തലശ്ശേരിയിലും അനുഭവിച്ചറിഞ്ഞപ്പോൾ എതിരാളികൾ പോലും ആ കർമ്മയോഗിയെ അഭിനന്ദിച്ചിരുന്നു.
ബാഫഖി തങ്ങൾ ഒരാൾക്ക് മുന്നിലും തല കുനിച്ചിട്ടില്ല. ആരുടെയടുത്തും തോറ്റിട്ടുമില്ല. ജാതി മത വ്യത്യാസമില്ലാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച സാധാരണക്കാരായ ജനങ്ങളുടെ നിഷ്കളങ്ക മനസ്സിന് മുന്നിലല്ലാതെ…
✒️U.k. Muhammed Kunhi