പഠനം…
ചെറിയാരം കണ്ടി ഭവനത്തിനടുത്ത് തന്നെ ഉണ്ടായിരുന്ന പാച്ചൻ മാസ്റ്ററുടെ വിദ്യാലയത്തിൽ 1933 ഒക്ടോബർ 1ന് പിതാവിൻ്റെ കൈ പിടിച്ച് വന്ന മുഹമ്മദ് കോയക്ക്, പൂഴിമണലിൽ കൈ വിരൾ കൊണ്ട് അക്ഷരങ്ങൾ എഴുതിപ്പിച്ചായിരുന്നു പാച്ചർ മാസ്റ്റർ ഔപചാരികമായി പഠിപ്പിച്ചു തുടങ്ങിയത്. പഠിക്കാൻ മിടുക്കനായ മുഹമ്മദ് കോയയെ പറ്റി പാച്ചർ മാസ്റ്റർക്ക് അഭിമാനം മാത്രമായിരുന്നു.
മുഹമ്മദ് കോയ ഒന്നാം തരത്തിൽ മാത്രം പഠിച്ച കൊങ്ങനൂർ എലിമെൻ്ററി സ്കൂളിൽ നിന്ന്, രണ്ടാം തരം മുതൽ വീട്ടിൽ നിന്ന് അധികം അകലെയല്ലാത്ത വേളൂർ ബോർഡ് മാപ്പിള എലിമെൻ്ററി സ്കൂളിലേക്കാണ് പോയത്. അഞ്ചാം തരം വരെ ഇവിടെ പഠിച്ചു. സി.എച്ചിൻ്റെ വ്യക്തി വികാസത്തിൽ വലിയ പങ്കുവഹിച്ച ഈസ്സക്കുട്ടി മാസ്റ്ററായിരുന്നു അവിടുത്തെ പ്രധാന അധ്യാപകൻ. ഈസ്സക്കുട്ടി മാസ്റ്ററുടെ സ്നേഹലാളനയിൽ മുഹമ്മദ് കോയ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിട്ടു നിന്നു. ആറും ഏഴും ഹയർ എലിമെൻ്ററി സ്കൂളിൽ പഠിച്ചതിന് ശേഷം അത്തോളിയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ചു.
അതിനിടെ അത്തോളിയിൽ നിന്നും അധികം ദൂരമല്ലാത്ത അന്നശ്ശേരി എന്ന സ്ഥലത്തേക്ക് ആലി മുസ്ല്യാരും കുടുംബവും താമസം മാറി. ഹൈസ്കൂൾ പഠനത്തിന് പോവാൻ മുഹമ്മദ് കോയാക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പിതാവിനോട് പറയും. വീട്ടിലെ ദാരിദ്ര്യം നന്നായറിയുന്ന കോയ, കാര്യങ്ങൾ പിതാവിനെ ഉണർത്തി.
മാത്രമല്ല, ഹൈസ്കൂൾ പഠനത്തിന് കൊയിലാണ്ടിയിലേക്ക് പോകണം. ഇവിടെയാണെങ്കിൽ ക്ലാസ് വിട്ട് വന്നാൽ ചെറിയ തരത്തിലുള്ള കൃഷിയിലും മറ്റും പിതാവിനെ സഹായിക്കുകയും അടുത്ത് തന്നെയുള്ള പള്ളിദർസിൽ ഓതുകയും ചെയ്യുന്നതിനാൽ മുഹമ്മദ് കോയ കൊയിലാണ്ടിയിലേക്ക് പോകുന്നതിൽ ആലി മുസ്ല്യാർക്ക് അൽപ്പം പ്രയാസമുണ്ട്. എങ്കിലും മകനെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അയക്കാൻ തന്നെ ആ പിതാവ് തീരുമാനിച്ചു. തൻ്റെ ദാരിദ്ര്യം മനസ്സിലാക്കാതെ ഹൈസ്കൂളിൽ ചേരാൻ പോയതിന് മുഹമ്മദ് കോയയെ പിതാവ് തല്ലിയിട്ടുണ്ട് എന്നൊരു ചരിത്രവും വായിച്ചിട്ടുണ്ട്.
പഠനത്തിലും പാഠ്യേതര വിഷയത്തിലും മറ്റാരേക്കാളും മുന്നിലായിരുന്ന കോയ സാഹിബ്, ആറാം തരത്തിൽ പഠിക്കുമ്പോൾ നടത്തിയ പ്രസംഗം മറ്റു കുട്ടികളിലും അധ്യാപകരിലും അത്ഭുതമുളവാക്കിയതായിരുന്നു. കണക്കായിരുന്നു സി.എച്ചിൻ്റെ ഇഷ്ട വിഷയം. കണക്കിലെ കുരുക്കഴിക്കുക എന്നത് ഇഷ്ട വിനോദവും. മകനെ പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയൊന്നും മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. ശീലക്കുടയുമായി സ്കൂളിൽ പോകുന്ന കുട്ടികൾക്കിടയിൽ ഓലക്കുടയും ചൂടി മിടുക്കനായ മുഹമ്മദ് കോയ എന്ന വിദ്യാർത്ഥി വരുന്നത് നിവൃത്തികേട് കൊണ്ട് തന്നെയായിരുന്നു.
സ്കൂൾ പഠന കാലത്ത്, സ്കൂളുകളിൽ “വന്ദേ മാതരം” ചൊല്ലുന്നതുമായി ബന്ധപ്പെട്ട്, ജിന്നാ സാഹിബിൻ്റെ ഒരു പ്രസ്താവന വന്നു. തൊട്ടടുത്ത ദിവസം “വന്ദേ മാതരം” ചൊല്ലുന്ന സമയം അധ്യാപകൻ്റെ സമ്മതത്തോടെ ക്ലാസ്സിന് വെളിയിൽ നിന്ന മുഹമ്മദ് കോയ, മുസ്ലിം ലീഗിനെ പുൽകാനുള്ള വിളിയാളമായിട്ടായിരിക്കാം ജിന്നാ സാഹിബിൻ്റെ പ്രസ്താവനയെ കണ്ടിട്ടുണ്ടാവുക.
കേരളത്തിലെ മുസ്ലിംകൾക്ക് ഒരു ഭൂതകാലമുണ്ടായിരുന്നു. വിദ്യാഭ്യാസത്തോട്, പ്രത്യേകിച്ച് ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന കാലം. അതിൻ്റെ കാരണങ്ങൾ അന്വേഷിച്ചാൽ പലതും കാണാമെങ്കിലും ബ്രിട്ടീഷ് വിരോധം തന്നെയായിരുന്നു പ്രധാനം. പിന്നെ അന്നത്തെ കൊടിയ ദാരിദ്ര്യം, സാമൂഹിക ചുറ്റുപാട് എല്ലാം കാരണമായിട്ടുണ്ട്. എന്നാൽ അവയൊന്നും വക വെക്കാതെ ഉയർന്ന വിദ്യാഭ്യാസം നേടാൻ ത്യാഗങ്ങൾ സഹിച്ച ചുരുക്കം ചിലരും അക്കാലത്തുണ്ടായിരുന്നു.
പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാലയങ്ങളിലെത്തുന്ന മാപ്പിളക്കുട്ടികളെ പരിഹസിച്ച് മനം തളർത്തി പഠനം ഉപേക്ഷിക്കാൻ നിർബന്ധിതമായ കഥകളും നാം കേട്ടറിഞ്ഞിട്ടുണ്ട്. ഒറ്റത്തുണിയും ഉറുമാലും കെട്ടി സ്കൂളിലെത്തുന്ന മാപ്പിളക്കുട്ടിയുടെ മൊട്ടത്തലയിൽ ചോക്ക് കൊണ്ട് വരച്ച് കരയിക്കുന്ന കാര്യം ബി. പോക്കർ സാഹിബിൻ്റെ ജീവചരിത്രത്തിൽ നമുക്ക് കാണാവുന്നതാണ്.
നാട്ടുപ്രമാണിമാരുടെ എതിർപ്പായിരുന്നു മറ്റൊരു പ്രശ്നം. വഴിമുടക്കികളെ വകവെക്കാതെ പത്താം തരത്തിലെത്തിയ ഒരു കുട്ടി, പത്തിൽ തോറ്റു. അതിൻ്റെ ആഹ്ലാദത്തിൽ നാടൊട്ടുക്കും പായസ വിതരണം ചെയ്തവരും നമ്മുടെയീ മലയാളക്കരയിൽ ഉണ്ടായിരുന്നു. പഠിക്കാനും പഠിപ്പിക്കാനും താൽപര്യമുണ്ടെങ്കിലും സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം അതിന് സാധിക്കാത്ത ഹതഭാഗ്യരും അക്കാലത്ത് ധാരാളമായുണ്ടായിരുന്നു…
അത്തരം പ്രതികൂലമായ ഒട്ടേറെ കടമ്പകൾ കടന്നു കൊണ്ട് വിദ്യാഭ്യാസം നേടിയവരിലധികവും സമുദായത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് നയിക്കാൻ തൽപരരായിരുന്നു. അങ്ങനെയുള്ള കാലത്താണ് ഹൈസ്കൂൾ പഠനത്തിൻ്റെ അടങ്ങാത്ത ആഗ്രഹവുമായി സി.എച്ച്.നടന്നത്. പല വാതിലുകളും അടച്ചാലും ഒരു വാതിൽ തുറക്കുമെന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്… (തുടരും)
[ഭാഗം-3, നാളെ]
*U.k. Muhammed Kunhi*