ചെന്നൈയില്‍ വിദ്യാർത്ഥികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ 500 വനിതാ ഉദ്യോഗസ്ഥരടക്കം 1000 പോലീസുകാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വൻ ലഹരിമരുന്ന് വേട്ട.
ശനിയാഴ്ച രാവിലെ ഗുഡുവാഞ്ചേരിക്കടുത്തുള്ള പോത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റില്‍ ആയിരുന്നു പോലീസ് സംഘം പരിശോധന നടത്തിയത്. വിദ്യാർത്ഥികളില്‍ നിന്ന് കഞ്ചാവും മറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കോളേജ് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്‍പ്പടെയുള്ള മൂവായിരത്തോളം വിദ്യാർത്ഥികള്‍ താമസിക്കുന്ന ഫ്ലാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് താംബരം അഡീഷണല്‍ കമ്മിഷണർ സി.മഗേശ്വരിയുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. അഞ്ച് മണിക്കൂറിനുള്ളില്‍, 22 ടവറുകളിലായി 688 ഓളം ഫ്ലാറ്റുകളിലും പോലീസ് പരിശോധന നടത്തി.
പരിശോധനയില്‍ 500 ഗ്രാം കഞ്ചാവ്, കഞ്ചാവ് ചേർത്ത ആറ് ചോക്ലേറ്റുകള്‍, 20 മില്ലി ലിറ്റർ കഞ്ചാവ് ഓയില്‍, അഞ്ച് പാക്കറ്റ് ഭാംഗ്, ഏഴ് ഹുക്കകള്‍, 6 കിലോ ഷിഷ (ഹുക്ക പൊടി) എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
ലഹരി മരുന്നുകള്‍ ചെറിയ അളവില്‍ ആണ് വിദ്യാർഥികള്‍ കൈവശം സൂക്ഷിച്ചിരുന്നതെന്നും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് ഇവർ സൂക്ഷിച്ചിരുന്നത് എന്നും റെയ്ഡില്‍ പങ്കെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. വിദ്യാർത്ഥികള്‍ മറ്റു വിദ്യാർത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പോലീസ് റെയ്ഡ് നടത്തുന്നതായുള്ള വിവരം ലഭിച്ചിരിക്കാമെന്നും തുടർന്ന് വലിയ അളവില്‍ മയക്കുമരുന്നുകള്‍ സമീപത്തെ തടാകത്തില്‍ ഉപേക്ഷിച്ചിരിക്കാമെന്നും ഊഹിക്കുന്നു. റെയ്ഡില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കാൻ അതാണ് കാരണമെന്നും കരുതുന്നു.
മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന 60 ഓളം വാഹനങ്ങളും പ്രദേശത്തു നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുഡുവാഞ്ചേരി സ്വദേശി ജി.സെല്‍വമണി എന്ന 29 കാരൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ രണ്ട് കൊലപാതകമുള്‍പ്പടെ 13 കേസുകളിലെ പ്രതികൂടിയാണ്. ഇതിനുപുറമേ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് വില്പന നടത്തിയിരുന്ന ഒരു പ്രാദേശിക ധബ്ബ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.
ഉത്തർപ്രദേശില്‍ നിന്ന് എത്തിച്ച ചോക്ലേറ്റുകളാണ് ഇയാള്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. നിലവില്‍ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അതത് കോളേജ് അധികൃതർക്ക് കൈമാറും എന്ന് താംബരം പോലീസ് അറിയിച്ചു.