ലഖ്നൗ: ഉത്തർപ്രദേശില്‍ രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലൻസില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതി. ആംബുലൻസ് ഡ്രൈവറും ഇയാളുടെ സഹായിയും ചേർന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം.
ഭർത്താവിന് ആംബുലൻസില്‍ നല്‍കിയിരുന്ന ഓക്സിജൻ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും ഇതേത്തുടർന്ന് ഭർത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവ് അസുഖബാധിതനായി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെനിന്ന് വിടുതല്‍ വാങ്ങി ഭർത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഇതിനായി ഗാസിപുരില്‍നിന്നുള്ള ഒരു സ്വകാര്യ ആംബുലൻസും വിളിച്ചു. തുടർന്ന് യാത്രയ്ക്കിടെയാണ് ആംബുലൻസ് ഡ്രൈവറും സഹായിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
രോഗിയായ ഭർത്താവിനൊപ്പം പരാതിക്കാരിയും ഇവരുടെ സഹോദരനും ആംബുലൻസിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവർ സ്ത്രീയോട് മുൻവശത്തെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ മുൻസീറ്റിലിരുന്നാല്‍ രാത്രി പോലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തുടർന്ന് സ്ത്രീയെ നിർബന്ധിച്ച് മുൻസീറ്റിലിരുത്തി. ഇതിനുപിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
പരാതിക്കാരി അതിക്രമത്തെ എതിർത്തെങ്കിലും പ്രതികള്‍ പിൻവാങ്ങിയില്ല. സംഭവം കണ്ട സഹോദരനും രോഗിയായ ഭർത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടർന്നു. പിന്നാലെ ഡ്രൈവർ പ്രധാന റോഡരികില്‍ ആംബുലൻസ് നിർത്തി. തുടർന്ന് ഭർത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്സിജൻ മാസ്ക് നീക്കിയെന്നും ഭർത്താവിനെ ആംബുലൻസില്‍നിന്ന് പുറത്തിറക്കിയെന്നുമാണ് ആരോപണം. സ്ത്രീയുടെ സഹോദരനെ പ്രതികള്‍ പിന്നീട് മുൻവശത്തെ കാബിനില്‍ പൂട്ടിയിട്ടു. തുടർന്ന് സ്ത്രീയെ ഇരുവരും ചേർന്ന് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ചെന്നും പരാതിയില്‍ പറയുന്നു.
മൂവരെയും റോഡില്‍ ഉപേക്ഷിച്ചതിന് ശേഷം പ്രതികള്‍ ആംബുലൻസുമായി രക്ഷപ്പെട്ടു. തുടർന്ന് സഹോദരൻ പോലീസിനെ വിളിച്ച് സഹായം തേടി. ഉടൻതന്നെ മറ്റൊരു ആംബുലൻസ് വിളിച്ച് ഭർത്താവിനെ ഗോരഖ്പൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും സ്ത്രീ മൊഴി നല്‍കി.
സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഗാസിപുർ പോലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലഖ്നൗ നോർത്ത് അഡീ. ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്രകുമാർ ദുബെ മാധ്യമങ്ങളോട് പറഞ്ഞു.