ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനമായി മാറിയിരിക്കുകയാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായ ഥാർ (Mahindra Thar). 3-ഡോറിലും 5-ഡോറിലും (Thar Roxx) ഇനി മുതൽ വാങ്ങാനാവുന്ന മോഡൽ ഫാമിലി ഉപയോഗങ്ങൾക്കും ഇപ്പോൾ വാങ്ങാം. 3-ഡോർ അത്ര പ്രായോഗികമല്ലെങ്കിലും വണ്ടിയുടെ അന്യായ റോഡ് പ്രസൻസും പെർഫോമൻസുമെല്ലാം കാരണം പലരുടേയും ഡ്രീം കാറായി ഇവൻ മാറിയിരിക്കുകയാണ്. വാഹനങ്ങളെ ഇപ്പോൾ കൃത്യമായി മാർക്കറ്റ് ചെയ്യാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അറിയാം. അതിന്റെ ഭാഗമായി പലരും കാത്തിരുന്ന പ്രഖ്യാപനവുമായി കമ്പനി എത്തിയിരിക്കുകയാണ്
എന്താണന്നല്ലേ, ഏറെ നാളായി പലരും കാത്തിരുന്ന ഓഫർ ഥാർ എസ്‌യുവിയിലേക്കും വന്നെത്തിയിരിക്കുകയാണ്. ത്രീ-ഡോർ പതിപ്പിനാണ് കിടിലൻ ഓഫറുകളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ഥാർ റോക്‌സിന്റെ വരവോടെ 3-ഡോർ പതിപ്പിന് ഡിമാന്റിൽ കുറവ് വരാതിരിക്കാനുള്ള തന്ത്രമാണിതെന്നും കിംവദന്തികളുണ്ട്. എന്തായാലും ഥാർ സ്വന്തമാക്കണമെന്ന് ആലോചിച്ചിരുന്നവർക്കുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
3-ഡോർ ഥാറിൻ്റെ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും ഓഫർ സഹായിക്കും. കാരണം നേരത്തെ വാഹനം ബുക്ക് ചെയ്‌തവരെല്ലാം 5-ഡോർ പതിപ്പിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപയുടെ വലിയ ഡിസ്കൗണ്ട് ഇട്ടിരിക്കുന്നത്. LX 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് RWD, 1.5 LX ഡീസൽ മാനുവൽ RWD, 2.0 LX പെട്രോൾ മാനുവൽ 4WD, എന്നീ വേരിയന്റുകളിലാണ് 1.50 ലക്ഷം രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ 3-ഡോറിന്റെ 2.0 LX പെട്രോൾ ഓട്ടോമാറ്റിക് 4WD, 2.2 LX ഡീസൽ, 2.2 LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം 1.5 AX ഓപ്ഷണൽ ഡീസൽ മാനുവൽ RWD വേരിയൻ്റിന് 1.36 ലക്ഷം രൂപ വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്.3 ഡോർ ഥാറിൻ്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം.
3-ഡോർ മഹീന്ദ്ര ഥാറിൻ്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇപ്പോൾ ഓഫർ ചെയ്യുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ ബുക്കിംഗ് പിരീഡും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 4X4 വേരിയന്റുകളെല്ലാം മുമ്പത്തേതിലും വേഗത്തിൽ സ്വന്തമാക്കാനാവും. 5-ഡോർ മോഡലിന് ഡിമാൻഡ് ഉയരാൻ സാധ്യതയുള്ളതിനാൽ നിർമാണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ഇതുവരെ 2വീൽ ഡ്രൈവ് പതിപ്പുകളുടെ വില മാത്രമാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.
ഥാർ റോക്‌സ് 4X4 മോഡലുകൾക്കും ഗംഭീര വില നിർണയം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5-ഡോർ പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് 2024 ഒക്ടോബർ 2 മുതൽ ആരംഭിക്കാനാണിരിക്കുന്നത്. തുടർന്ന് ഡെലിവറികൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും. രാജ്യത്തുടനീളമുള്ള പല മഹീന്ദ്ര ഡീലർമാരും ഥാർ റോക്‌സിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്
MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ MX1 പെട്രോൾ മാനുവലിന് 12.99 ലക്ഷം, MX3 ഓട്ടോമാറ്റിക് പെട്രോളിന് 14.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഡീസലിലേക്ക് വന്നാൽ MX1 പതിപ്പിന് 13.99 ലക്ഷം, MX3 മാനുവലിന് 15.99 ലക്ഷം, AX3L മാനുവലിന് 16.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്
മഹീന്ദ്ര ഥാർ റോക്‌സ് RWD ടോപ്പ്-എൻഡ് MX5 ഓട്ടോമാറ്റിക്കിന് 18.99 ലക്ഷവും AX7L മാനുവലിന് 18.99 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താൽ എസ്‌യുവിയുടെ ബേസ് MX1 മോഡൽ വരെ കിടിലമാണ്. 6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോ എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും.
2.2 ലിറ്റർ TGDi പെട്രോൾ, 2.0 ലിറ്റർ CRDi ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ഥാർ റോക്‌സ് വിപണിയിൽ എത്തുന്നത്. രണ്ടും ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നതും. മൈലേജിലേക്ക് വന്നാൽ പെട്രോളിന് 12.40 കിലോമീറ്ററും ഡീസലിന് ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.