ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വീരേതിഹാസം രചിച്ച ഒട്ടേറെ നേതാക്കൾ അണിനിരന്ന സർവ്വേന്ത്യാ മുസ്ലിം ലീഗ് പ്രസ്ഥാനം നിലവിൽ വരുന്നത് 1906 ലാണ്. ഇന്ത്യയിലെ മുസ്ലിം നവോത്ഥാന നായകരിൽ പ്രഥമസ്ഥാനീയനായ സർ സയ്യിദ് അഹമ്മദ് ഖാൻ്റെ ആശയാദർശങ്ങളെ അധികരിച്ച് രൂപം കൊണ്ട മുസ്ലിം ലീഗ് പാർട്ടിയുടെ ശാഖകൾ മലബാറിൽ മുളച്ചു വരുന്നത് തൊള്ളായിരത്തി മുപ്പതിൻ്റെ രണ്ടാം പകുതിയിലായിരുന്നു. 1937 ലാണ് തലശ്ശേരി ആസ്ഥാനമായി മലബാർ ജില്ലാ മുസ്ലിം ലീഗിൻ്റെ പ്രഥമ കമ്മിറ്റി നിലവിൽ വരുന്നത്. ഇതേ വർഷം തന്നെയാണ് മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായി എം.എസ്.എഫ്. ദേശീയ തലത്തിൽ രൂപം കൊള്ളുന്നത്.
മുസ്ലിം ലീഗിൻ്റെ സന്ദേശം നാടും നഗരവും താണ്ടി പ്രയാണം തുടർന്നു. മലബാറിലെ മുസ്ലിംകൾ സത്താർ സേട്ട് സാഹിബിൻ്റെയും സീതി സാഹിബിൻ്റെയും ബാഫഖി തങ്ങളുടെയുമൊക്കെ വാക്കുകൾക്ക് കാതോർത്തു നിന്നു. പഠന കാലത്ത് തന്നെ പൊതു വിഷയങ്ങളിൽ പ്രകടമായ നിലപാടുകളുണ്ടായിരുന്ന സി.എച്ചിന് മുസ്ലിം ലീഗിൻ്റെ ആശയത്തോട് ഇഴുകിച്ചേരാൻ സമയമധികം വേണ്ടി വന്നില്ല.
വ്യവസ്ഥാപിതമായില്ലെങ്കിലും സി.എച്ചിൻ്റെ നേതൃത്വത്തിൽ കുട്ടികൾ എം.എസ്.എഫ്. പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1942 ൽ കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം മദ്റസയിൽ ചേർന്ന മലബാർ ജില്ലാ എം.എസ്.എഫ്. രൂപീകരണ യോഗത്തിലെ ഒരു സജീവ പ്രവർത്തകനായ സി എച്ച്, പ്രഥമ കമ്മിറ്റിയുടെ ജോ: സെക്രട്ടരിയുമായിരുന്നു. കൊച്ചി സ്വദേശിയും പഠനാവശ്യാർത്ഥം മലബാറിൽ താമസവുമാക്കിയ ഹസൻ മുഹമ്മദ് റിസയായിരുന്നു പ്രസിഡണ്ട്. പി. മൊയ്തു ജന:സെക്രട്ടരിയും എം.പി.കെ. കമ്മു ട്രഷററുമായ കമ്മിറ്റി വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
1945 ന് സി.എച്ചിന് മുസ്ലിം ലീഗ് പാർട്ടിയിൽ ഒരു ഉദ്യോഗം ലഭിച്ചു. കുറുമ്പനാട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടരിയായി നിയമിതനായി. 30 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അതോടെ പ്രവർത്തനങ്ങൾക്ക് സജീവത വന്നു. പക്ഷെ ആ ഉദ്യോഗം അധികനാൾ നീണ്ടു നിന്നില്ല. മുസ്ലിം ലീഗിൻ്റെ ഒരു മഹാസമ്മേളനം കോഴിക്കോട് ചേരാൻ തീരുമാനിച്ചപ്പോൾ അതിൻ്റെ നടത്തിപ്പിന് സി.എച്ചിൻ്റെ സാന്നിധ്യം അനിവാര്യമായി വന്നു. അങ്ങിനെ വീണ്ടും സി.എച്ച്. തൻ്റെ പ്രവർത്തന മേഖല കോഴിക്കോടേക്ക് മാറ്റി. അതിനിടെ ബാഫഖി തങ്ങളുടെ ശ്രമ ഫലമായി കോഴിക്കോട് മുനിസിപ്പൽ ഓഫീസിൽ സി.എച്ചിന് ചെറിയൊരു ജോലിയും തരപ്പെട്ടുവെങ്കിലും അതും കൂടുതൽ തുടരാൻ സി.എച്ചിൻ്റെ ‘സാമൂഹ്യ സേവന മനസ്സ്’ അനുവദിച്ചില്ല.
പറയാനുള്ളത് എവിടെയും വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം സി.എച്ചിനുണ്ടായിരുന്നു. അതിൽ കൂടുതലും സ്വസമുദായത്തിലെ അനഭിലഷണീയമായ പ്രവണതകളെ കുറിച്ചും, സമുദായത്തിനും സംഘടനക്കുമെതിരെ പുറത്ത് നിന്നും വരുന്ന അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾക്കെതിരേയുമായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ മുസ്ലിം ലീഗ് പാർട്ടിയോടും നേതാക്കളോടും അതിരറ്റ് ആദരവുണ്ടായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, തൻ്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ 1949 ഡിസംബർ 25 ന് കോഴിക്കോട് ടൗൺ മുസ്ലിം ലീഗ് സെക്രട്ടരി സ്ഥാനം ഏറ്റെടുത്തു കൊണ്ടായിരുന്നു മുസ്ലിം ലീഗ് നേതൃപദവിയിലേക്ക് വരുന്നത്. ബാഫഖി തങ്ങളായിരുന്നു കമ്മിറ്റി പ്രസിഡണ്ട്. ലീഗ് നേതാവായിരുന്ന പി.പി. ഹസ്സൻകോയ രാജി വെച്ച ഒഴിവിലേക്കായിരുന്നു സി.എച്ചിനെ തെരെഞ്ഞെടുത്തത്. തുടർന്ന് കൗൺസിൽ യോഗത്തിൽ സി.എച്ച്.നടത്തിയ ഗംഭീര പ്രസംഗം പ്രവർത്തകർക്ക് പുത്തനുണർവ് പകരുന്നതായിരുന്നു.
സി.എച്ചിൻ്റെ പ്രസംഗവും പ്രവർത്തനങ്ങളുമെല്ലാം നേതാക്കളിൽ നല്ല മതിപ്പുളവാക്കുന്നതായിരുന്നു. ഉയർന്ന നേതാക്കൾക്കളെല്ലാം അദ്ദേഹത്തിൽ വലിയൊരു ഭാവി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. സർവ്വേന്ത്യാ മുസ്ലിം ലീഗ് സെക്രട്ടരി നവാബ് സാദാ ലിയാഖത്തലി ഖാൻ പങ്കെടുത്ത ഒരു യോഗം കോഴിക്കോട് നടന്നു. ബാഫഖി തങ്ങളും സീതി സാഹിബുമടക്കം സമുന്നത നേതാക്കളെല്ലാം വേദിയിലുണ്ട്. എം.എസ്.എഫിനെ പ്രതിനിധീകരിച്ച് സംഘടനയുടെ ജോയിൻറ് സെക്രട്ടരി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് കൂടി ഒരു പ്രാസംഗികനായുണ്ട്. സി.എച്ചിൻ്റെ അത്യുജ്ജ്വല പ്രസംഗം സദസ്സിനെ കോരിത്തരിപ്പിച്ചു. ബാഫഖി തങ്ങളും സീതി സാഹിബും പ്രസംഗത്തിൻ്റെ സംക്ഷിപ്ത രൂപം ലിയാഖത്തലി ഖാനെ ധരിപ്പിച്ചു. ആവേശ ഭരിതനായ ലിയാഖത്തലി ഖാൻ ഉടനെ സി.എച്ചിനെ ഉത്തരേന്ത്യയിലേക്ക് വിട്ടു തരാൻ നേതാക്കളോട് അഭ്യർത്ഥിച്ചു. പുഞ്ചിരിച്ചു കൊണ്ട് നേതാക്കൾ, ആ ആവശ്യം സ്നേഹ പൂർവ്വം നിരസിച്ചു. ഈ ബാലൻ ഞങ്ങളുടെ ഭാവി വാഗ്ദാനമാണെന്ന് അന്നേ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാവണം നേതാക്കൾ പോകാൻ സമ്മതം കൊടുക്കാതിരുന്നത്. അല്ലായിരുന്നെങ്കിൽ സി.എച്ചിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, പാക്കിസ്ഥാനിലെ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായി മാറുമായിരുന്നു… (തുടരും)
[ഭാഗം – 6, നാളെ]
✒️U.k. Muhammed Kunhi.