കര്‍ണാടക : കർണാടകയിലെ കുന്ദാപുര ഗവ. പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പല്‍ ബിജെ രാമകൃഷ്ണയെ മികച്ച അധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാര (ഉത്തമ ശിക്ഷക്) പട്ടികയില്‍ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ.
കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് രാമകൃഷ്ണയെന്നാണ് ആരോപണം.
കർണാടക വിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ മികച്ച അധ്യാപകരുടെ പട്ടിക ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ബി ജി രാമകൃഷ്ണ ഉള്‍പ്പെടെ സംസ്ഥാനത്തെ കോളജുകളിലെ രണ്ട് പ്രിൻസിപ്പല്‍മാരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ബുധനാഴ്ച വകുപ്പ് ഉദ്യോഗസ്ഥർ ബിജി രാമകൃഷ്ണയെ കണ്ട് അവാർഡ് താല്‍ക്കാലികമായി തടഞ്ഞ കാര്യം അറിയിച്ചു
രണ്ട് വർഷം മുമ്ബ് കർണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, കുന്ദാപുര കോളജില്‍ ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികളെ രാമകൃഷ്ണയുടെ നിർദേശപ്രകാരം കോളജ് ഗേറ്റില്‍ തടഞ്ഞിരുന്നു. ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം വൈറലായിരുന്നു.
പിന്നീട് ഹിജാബ് വിഷയം സംസ്ഥാനത്തെ മുഴുവൻ കോളജുകളിലേക്കും വ്യാപിച്ചു. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികളെ തടയുന്നതിനൊപ്പം, ഹിന്ദു വിദ്യാർത്ഥികള്‍ കാവി ഷാളുകള്‍ ധരിച്ച് പ്രതിഷേധിക്കാനും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഹർജികളില്‍ കർണാടക ഹൈകോടതി വിധി പറഞ്ഞെങ്കിലും വിവാദം അവസാനിച്ചില്ല.
രാമകൃഷ്ണയ്ക്ക് പുരസ്കാരം നല്‍കുന്നതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തില്‍ ഒരു വിഭാഗം വിദ്യാർത്ഥിനികളുടെ അവകാശങ്ങള്‍ നിഷേധിച്ച വ്യക്തിക്ക് പുരസ്കാരം നല്‍കുന്നത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു വാദം. ഇതേ തുടർന്ന് സർക്കാർ പുരസ്കാരം പിൻവലിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തെ പലരും സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലർ വിമർശിച്ചു.
അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് 20 പ്രൈമറി സ്കൂള്‍ അധ്യാപകർ, 11 ഹൈസ്കൂള്‍ അധ്യാപകർ, 8 പിയു അധ്യാപകർ, രണ്ട് പ്രിൻസിപ്പല്‍മാർ എന്നിവരെയാണ് മികച്ച അധ്യാപക അവാർഡുകള്‍ നല്‍കി ആദരിക്കാൻ തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച ബെംഗ്ളൂറില്‍ നടന്ന അധ്യാപകദിന പരിപാടിയില്‍ ബി ജി രാമകൃഷ്ണ ഒഴികെയുള്ളവർക്ക് അവാർഡ് സമ്മാനിച്ചു.