ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരമായ വാഹന നിർമ്മാണ കമ്ബനിയാണ് യമഹ മോട്ടോഴ്‌സ്. നിരവധി മുൻനിര മോഡലുകളുമായി ഉപഭോക്താക്കളെ എന്നും ആകർഷിക്കുന്ന ഘടകങ്ങള്‍ അവർ അവതരിപ്പിക്കാറുണ്ട്.
ബൈക്ക്, സ്‌കൂട്ടറുകള്‍ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ സെഗ്‌മെന്റിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് യമഹ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ മോഡലുകളില്‍ ഭൂരിഭാഗവും നമ്മുടെ നാട്ടിലെ നിരത്തുകള്‍ കീഴടക്കിയവയാണ്.
നിരവധി സൂപ്പർഹിറ്റ് മോഡലുകള്‍ ഉള്ള യമഹ പലപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില പ്രഖ്യാപനങ്ങളും നടത്താറുണ്ട്. മറ്റ് മോട്ടോർസൈക്കിള്‍ നിർമാതാക്കളെ പോലെയല്ല ഇക്കാര്യത്തില്‍ ഇത്തിരി കനിവുള്ളവരാണ് അവർ. ഉത്സവ സീസണുകള്‍ കേന്ദ്രീകരിച്ച് തന്നെയാണ് അവരുടെ ഓഫറുകള്‍ വരാറുള്ളത്. ഇക്കുറിയും പതിവ് തെറ്റിക്കാതെ ഓണക്കാലത്ത് അവരുടെ ചില മോഡലുകള്‍ക്ക് വിവിധ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
യമഹയുടെ ഓണം ഓഫറുകള്‍ അറിയാം
റേ ഇസഡ് ആർ 125 എഫ്‌ഐ ഹൈബ്രിഡ്, ഫസിനോ 125 എഫ്‌ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകള്‍ക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമും അവർ അവതരിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ ഏറെ പ്രചാരത്തിലുള്ള മോഡലാണ് ഇതില്‍ റേ ഇസെഡ് ഉള്‍പ്പെടയുള്ളവ. ഇവയ്ക്ക് ഓഫറുകള്‍ ലഭ്യമാവുന്നതോടെ വില്‍പ്പന പൊടിപൊടിക്കും എന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബർ മുപ്പത് വരെ ഓഫറുകള്‍ ലഭ്യമാവും.
ഈ രണ്ട് മോഡലുകള്‍ മാത്രമല്ല വേറെയും മോഡലുകള്‍ക്ക് ഓഫർ കിട്ടും. എഫ്‌സി എഫ്‌ഐ 4.0 ഡിഎല്‍എക്‌സിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും എഫ്‌സി എഫ്‌ഐ 3.0നും, എഫ് സി എഫ്‌ഐ, എഫ്സി എക്‌സ് എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും 5000 രൂപ വരെ ഇളവോ അല്ലെങ്കില്‍ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമും നിങ്ങള്‍ക്ക് ലഭ്യമാവും.
ഡൗണ്‍പേയ്‌മെന്റ് ഇത്രയും കുറയുമ്ബോള്‍ നിങ്ങള്‍ ആലോചിക്കേണ്ട ഒരു പ്രധാന കാര്യം നിങ്ങള്‍ അടയ്‌ക്കേണ്ട ഇഎംഐ തുക കൂടുതലായിരിക്കും. അതിന് പുറമേ അടയ്‌ക്കേണ്ട കാലയളവും ആനുപാതികമായി ഉയരാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പരമാവധി ഡൗണ്‍പേയ്‌മെന്റ് കൂടുതല്‍ കൊടുക്കുന്നതാവും ഉചിതം.
ഈ മോഡലുകളുടെ ഫീച്ചറുകള്‍ അറിയാം
യമഹയുടെ മുൻനിര മോഡലായ റേ ഇസഡ് ആർ 125 എഫ്‌ഐ ഹൈബ്രിഡിലും, ഫസിനോ 125 എഫ്‌ഐ ഹൈബ്രിഡ് എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് 125 സിസി എഞ്ചിനാണ്. 8.2 പിഎസ് കരുത്തും 10.3 എൻഎം ടോർക്കും നല്‍കുന്ന ഭേദപ്പെട്ട എഞ്ചിൻ തന്നെയാണ് ഇവയില്‍ നല്‍കിയിരിക്കുന്നത്. രണ്ട് മോഡലുകളും ഇന്ത്യയില്‍ സാമാന്യം വിറ്റുപോവുന്നവയുമാണ്.
കൂടാതെ ഓഫർ ലഭ്യമാവുന്ന മറ്റൊരു മോഡലായ എഫ്‌സി എഫ്‌ഐ 4.0 ഡിഎല്‍എക്‌സ്, എഫ്‌സി എഫ്‌ഐ 3.0 എഫ്‌സി എഫ്‌ഐ, എഫ്സി എക്‌സ് എന്നീ ബൈക്കുകളില്‍ ഉപയോഗിക്കുന്നത് 149 സിസി എഞ്ചിനാണ്. 12.4 പിഎസ് കുരത്തും 13.3 എൻഎം ടോർക്കുമുള്ള ഈ എഞ്ചിൻ സെഗ്‌മെങ്കില്‍ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന വാഹനങ്ങളുടെ മുൻനിരയില്‍ തന്നെ വരും.