പെരുമ്ബാവൂർ : പെരുമ്ബാവൂരില്‍ വൻ കഞ്ചാവ് വേട്ട, 14 കിലോ കഞ്ചാവുമായി 4 പേർ പിടിയില്‍. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്ബാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ട പറമ്ബ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോന. ഒഡീഷയില്‍ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടു പേർ ഒമ്ബത് കിലോ കഞ്ചാവ് കടത്തിയത്.
ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്ബാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തിയാണ് പരിശോധന നടത്തിയത്. പ്രത്യേകം കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവർ ഇതിനു മുമ്ബും കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഒഡീഷ കണ്ടമാല്‍ സ്വദേശികളെ അഞ്ച് കിലോ കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. സൗത്ത് കളമശ്ശേരിയിലുള്ള കമ്ബനിയില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച വില്‍പ്പന നടത്തിവരികയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ട്രെയിൻ മാർഗ്ഗം കളമശ്ശേരിയില്‍ കഞ്ചാവുമായി എത്തിയ വിജയ് നായിക്ക്, പവിത്ര പർസെത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വില്‍പ്പനക്കായി എത്തുകയായിരുന്നു ഒഡീഷ്യയില്‍ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വില്‍പ്പന നടത്തിവന്നിരുന്നത്.
ഓണത്തോടനുബന്ധിച്ചായിരുന്നു പരിശോധന. എഎസ്പി മോഹിത് റാവത്ത്, നർക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി. പി ഷംസ്, ഇൻസ്പെക്ടർ ഏഎല്‍ അഭിലാഷ് എസ്ഐ ജെ.സജി, എഎസ്ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, കെ. എ നൗഷാദ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി. എ അഫ്സല്, സിപിഒമാരായ സി. പി അൻസാർ, അരുണ്‍ കെ . കരുണ്‍ ,ബെന്നി ഐസക്ക്, റോബിൻ ജോയി, മുഹമ്മദ് നൗഫല്‍, ബനാസിർ സിബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 185 കേസുകള്‍ രജിസ്റ്റർ ചെയ്തു. 210 പേരെ അറസ്റ്റ് ചെയ്തു.25 കിലോയോളം കഞ്ചാവ് ,120 ഗ്രാം ബ്രൗണ്‍ഷുഗർ, 25 ഗ്രാം ഹെറോയിൻ എന്നിവയും പിടികൂടിയിരുന്നു.