തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്തു കുടിവെള്ളം തേടി ജനങ്ങള്‍ നെട്ടോട്ടം തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാലു ദിവസം.
നഗരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അതിലുമേറയായി. ഇന്നലെ വൈകിട്ടു ജലവിതരണം പുനഃസ്‌ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉള്‍പ്പെടെ പറഞ്ഞെങ്കിലും പാഴ്‌വാക്കായി. അറ്റകുറ്റപ്പണികളിലും വീഴ്‌ച വന്നതോടെ രാത്രി വൈകിയാണു പമ്ബിങ് തുടങ്ങിയത്.
തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ ആരംഭിച്ചതോടെയാണു നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങിയത്. 48 മണിക്കൂറിനുള്ളില്‍ തീര്‍ക്കാന്‍ നിശ്‌ചയിച്ചിരുന്ന, പൈപ്പ്‌ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന ജോലികള്‍ വിവിധ കാരണങ്ങളാല്‍ നീണ്ടു. പി.ടി.പി. നഗറില്‍നിന്നുള്ള 700 എം.എം. ഡി.ഐ. പൈപ്പ് ലൈന്‍, നേമം ഭാഗത്തേക്കുള്ള 500 എം.എം. ജലവിതരണ ലൈന്‍ എന്നിവയുടെ അലൈന്‍മെന്റ് മാറ്റുന്ന ജോലികളാണ് നടക്കുന്നത്. റെയില്‍വേ ലൈനിന്റെ അടിയിലുള്ള 700 എം.എം. പൈപ്പ് മാറ്റുന്ന പണികളും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെ ഭാഗികമായി ജലവിതരണം തുടങ്ങിയെങ്കിലും എല്ലായിടത്തും വെള്ളം എത്തിയിട്ടില്ല.
ഇന്നലെ ഉച്ചയോടെയേ പണികള്‍ കഴിയുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരുന്നത്. വെള്ളം ആവശ്യമുള്ള സ്‌ഥലങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഖേന അസിസ്‌റ്റന്റ് എന്‍ജിനീയര്‍മാരെ ബന്ധപ്പെട്ട് ടാങ്കര്‍ വഴി വെള്ളം ആവശ്യപ്പെടാമെന്ന് ജല അതോറിറ്റി അറിയിച്ചു. 44 വാര്‍ഡുകളിലാണു ജലവിതരണം മുടങ്ങിയത്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എം.എം, 700 എം.എം. പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളില്‍ പമ്ബിങ് നിര്‍ത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പണി നീണ്ടുപോയതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു.
ജല വിതരണത്തിന് പകരം സംവിധാനമൊരുക്കുന്നതില്‍ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. തുടര്‍ച്ചയായി നാലു ദിവസം ശുദ്ധജലം മുടങ്ങിയതോടെ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ നഗരവാസികള്‍ മുടക്കിയത് വന്‍തുകയാണ്. 500 ലിറ്ററിന്റെ ടാങ്കറിന് 1500 മുതല്‍ 2000 രൂപ വരെ നല്‍കേണ്ടി വന്നു. ശുദ്ധജല വിതരണത്തിനു കോര്‍പറേഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വില്‍ക്കുന്നവര്‍ രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം ടാങ്കറുകള്‍ക്ക് പുറമേ 25 ടാങ്കര്‍ ലോറികള്‍ വാടകയ്‌ക്ക് എടുത്താണ് കോര്‍പറേഷന്‍ ജല വിതരണം നടത്തിയത്.
ഉദ്യോഗസ്‌ഥരുടെ അലംഭാവത്തെ മന്ത്രി വി. ശിവന്‍കുട്ടിയും എം.എല്‍.എമാരും വിമര്‍ശിച്ചു. സമയപരിധിക്കുള്ളില്‍ ജല വിതരണം പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നു മന്ത്രി വി. ശിവന്‍കുട്ടി അവലോകന യോഗത്തില്‍ ആരാഞ്ഞു. സാങ്കേതിക കാര്യങ്ങള്‍ അറിയേണ്ടെന്നും ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്‌ഥര്‍ ജോലി മതിയാക്കി പോകണമെന്നും ആന്റണി രാജു എം.എല്‍.എ. പറഞ്ഞു. രണ്ട് പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റാന്‍ ഇത്രയും വാര്‍ഡുകളിലെ ജല വിതരണം മുടക്കണോ എന്നും വാല്‍വ് ക്രമീകരിക്കുന്നതില്‍ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ. പ്രശാന്ത് എം.എല്‍.എ. രോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത്തോടെയാണ് പണികള്‍ക്ക് വേഗം കൂടിയത്. രാത്രി കൊച്ചിയില്‍നിന്നും കൂടുതല്‍ ടാങ്കര്‍ എത്തിക്കാനുള്ള നടപടി മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയിരുന്നു.
ഇന്നലെ ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളം ഇല്ലാതെയായതോടെ നഗരത്തിലെ ഒട്ടേറെ ഹോട്ടലുകള്‍ അടച്ചു. ജനങ്ങള്‍ ബന്ധു വീടുകളിലേക്കു പോവുകയാണ്. മണിക്കൂറുകളെടുത്താണു ചോര്‍ച്ചയുള്ള വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഏറെ വൈകിയാണു പമ്ബിങ് തുടങ്ങിയത്. കുടിവെള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണു സൂചന.