കോഴിക്കോട്: സൂപ്പർ ലീഗ് കേരളയില്‍ കോർപറേഷൻ സ്റ്റേഡിയത്തില്‍ വീണ്ടും സമനിലക്കളി. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയുമാണ് ഓരോ ഗോളടിച്ച് പിരിഞ്ഞത്
18ാം മിനിറ്റില്‍ കൊച്ചി ഫോഴ്സയുടെ ഗോളി സുഭാഷിഷ് റോയ് തനിക്ക് ലഭിച്ച പാസ് കാലുകൊണ്ട് നിയന്ത്രണത്തിലാക്കി തട്ടിനീക്കി ബോക്സിനരികിലെത്തിച്ച് സഹകളിക്കാരനു നേരെ നീട്ടിയടിക്കാൻ ശ്രമിക്കവെ വാരകള്‍ക്കകലെ മുന്നില്‍നിന്ന് ചാടിയ കണ്ണൂർ വാരിയേഴ്സിന്റെ സ്പെയിൻ താരം ഡേവിഡ് ഗ്രാൻഡേയുടെ കാലില്‍ തട്ടിയാണ് പോസ്റ്റിലേക്ക് കടന്നത്.
ഫോഴ്സ മുന്നേറ്റക്കാരായ റാഫേല്‍ അഗസ്റ്റോയും സെയ്ദ് മുഹമ്മദ് നിദാലും നിജോ ഗില്‍ബർട്ടും ക്യാപ്റ്റൻ അർജുൻ ജയരാജും ആക്രമണോത്സുക മുന്നേറ്റം നടത്തിയത് കണ്ണൂർ ഗോളിയെ സമ്മർദത്തിലാക്കി. 37ാം മിനിറ്റില്‍ മുഹമ്മദ് നല്കിയ വലതുവശത്തുനിന്ന് ഉയർത്തി നല്കിയ ക്രോസ് വാരിയേഴ്സിന്റെ ഗോളി കുത്തിയകറ്റി. അല്‍വാരോ അല്‍വാരസിന്റെയും വികാസിന്റെയും ക്യാപ്റ്റൻ ഡാർഡിനിരോ കോർപയുടെയും പ്രതിരോധം രണ്ടു മിനിറ്റ് അധികം നീണ്ട ആദ്യ പകുതി വരെ ഗോള്‍ വഴങ്ങാതെ കാത്തു.
രണ്ടാം പകുതിയില്‍ ഫോഴ്സയുടെ ജഗനാഥിന്റെയും നിഥിൻ മധുവിന്റെയും ശക്തമായ പ്രതിരോധം വാരിയേഴ്സിന്റെ ആക്രമണ മുനയൊടിച്ചു. 75ാം മിനിറ്റില്‍ നിജോ ഗില്‍ബർട്ടിനു പകരം കമല്‍പ്രീത് സിങ്ങിനെ ഇറക്കി. സെക്കൻഡുകള്‍ക്കകം വലതു വിങ്ങില്‍നിന്ന് നിഥിൻ ഉയർത്തിനല്‍കിയ പാസില്‍ ബസന്ത് സിങ് അതിമനോഹരമായി ഹെഡ് ചെയ്ത് വാരിയേഴ്സിന്റെ ഗോളി അജ്മലിന് പിടിനല്‍കാതെ വിദഗ്ധമായി വലയിലെത്തിച്ച് 1-1 സമനില പിടിച്ചു.
കളിയവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പിന്നീട് മത്സരം തീ പാറുന്ന പോരാട്ടത്തിലേക്ക് എത്തിയെങ്കിലും ഗോള്‍നിലയില്‍ മാറ്റമില്ലാതെ സമനിലയില്‍ കലാശിച്ചു. രണ്ടാം പാതിയുടെ അവസാന സെക്കൻഡില്‍ റാഫേലിനെ മാറ്റി അരുണ്‍ ലാലിനെ പരീക്ഷിച്ചെങ്കിലും ഗോള്‍നിലയില്‍ മാറ്റം വരുത്താനായില്ല