ഡല്‍ഹി: ദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ. കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ വിധിക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയില്‍ ഇനി ഇരിക്കുകയുള്ളൂ. ഡല്‍ഹിയിലെ ജനങ്ങളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ നന്നായി പ്രവർത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ… -അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചര മാസത്തിനുശേഷമാണ് കെജ്രിവാള് ജയില്‍ മോചിതനായത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച് 21നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂണ്‍ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിലും അറസ്റ്റ് ചെയ്തു. കെജ്രിവാളിന് ജാമ്യം അനുവദിക്കവെ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസില്‍ തെളിവുകള്‍ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാൻ വിമർശിച്ചിരുന്നു.