കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില് എത്തിച്ചു. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ വധുവിൻ്റെ അമ്മയുടെ അമ്മ ചിങ്ങവനം പാലക്കുടിയില്‍ ചിന്നമ്മ ഉതുപ്പ് , ബന്ധുക്കളായ ആലീസ് തോമസ് , ഏയ്ഞ്ചല്‍ ഏബ്രഹാം എന്നിവരാണ് ശനിയാഴ്ച്ച അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി ജന്മനാട്ടില് എത്തിച്ച ഇവരുടെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി തന്നെ അപകടത്തില്‍ മരണപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.
ഞായറാഴ്ച വെളുപ്പിന് 4 മണിക്ക് മൂന്ന് ആമ്ബുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് മൃതദേഹങ്ങള്‍ വൈകീട്ട് മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു. ദുരന്ത വാർത്തയറിഞ്ഞ് മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെപ്പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. അപകടത്തില്‍ മരിച്ച ഏയ്ഞ്ചലാ ഏബ്രഹാമിൻ്റെ ഭർത്താവ് യുകെയില്‍ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസും ഇന്ന് നാലു മണിയോട് കൂടി കളത്തിപ്പടിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.