റാഞ്ചി: ഝാർഖണ്ഡില്‍ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ആവർത്തിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമ നിർമാണം നടത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം മുഖ്യമന്ത്രി ഹേമന്ത് സോറനുമായി ചർച്ച നടത്തി.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളില്‍ സംതൃപ്തി പ്രകടിപ്പിച്ച സോറൻ ഝാർഖണ്ഡ് മുക്തി മോർച്ചയും മുസ്ലിം ലീഗും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ച സോറൻ ലീഗിന്റെ സഹകരണവും പിന്തുണയും തേടി.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങള്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.എം.എമ്മിനും ഇൻഡ്യ മുന്നണിക്കുമായിരിക്കും മുസ്ലിം ലീഗ് പിന്തുണയെന്ന് നേതാക്കള്‍ അറിയിച്ചു.
അഡ്വ.ഹാരിസ് ബീരാൻ എം.പി, കല്പന സോറൻ എം.എല്‍.എ, പി.കെ. ബഷീർ എം.എല്‍.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു