തെല്‍ അവിവ്: ഫലസ്തീനില്‍ ഇസ്റാഈല്‍ നരനായാട്ട് തുടങ്ങിയ അന്നു മുതല്‍ ലോകം കാണാന്‍ തുടങ്ങിയതാണ് ക്രൂരതയുടെ സകല അതിര്‍വരമ്ബും ഭേദിക്കുന്ന ദൃശ്യങ്ങള്‍.
ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല മരിച്ചവരോടും സൈന്യം ചെയ്യുന്ന ക്രൂരതകള്‍ അതിഭീകരമാണ്. അവയവങ്ങള്‍ മുറിച്ചു മാറ്റിയും ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചും ക്രൂരത ആവര്ത്തനങ്ങള്നിരവധി തവണ വെളിപെട്ടു.
ഒരിക്കല്‍ കൂടി ഇതാ അതത്രത്തിലൊരു ദൃശ്യം ലോകത്തിനു മുന്നില്‍. വെസ്റ്റ് ബാങ്കിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, വ്യാഴാഴ്ച ഖബാതിയ പട്ടണത്തില്‍ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്റാഈല്‍ സൈനികര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങലില്‍.
മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചവിട്ടിയും തള്ളിയും ഇസ്റാഈല്‍ സൈനികര്‍ താഴെക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് ഇസ്റാഈലി സൈനികര്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നില്ക്കുന്നതും മൃതദേഹങ്ങള്‍ ഓരോന്നായി താഴേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ മൃതദേഹങ്ങള്‍ ഇസ്റാഈലി ബുള്‍ഡോസറുകളാണ് നീക്കം ചെയ്തതെന്ന് ഫലസ്തീന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫലസ്തീനികളുടെ മൃതദേഹങ്ങളോട് വളരെ ക്രൂരമായിട്ടാണ് സൈന്യം പെരുമാറിയതെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും ഫലസ്തീന് മനുഷ്യാവകാശ സംഘടനയായ അല്ഹഖിന്റെ ഡയറക്ടര്‍ ഷവാന്‍ ജബറിന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
‘ഖബാതിയ പട്ടണത്തില്‍ സൈന്യം നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങള്‍… അന്താരാഷ്ട്ര നിശ്ശബ്ദതയ്ക്കും അമേരിക്കന്‍ രാഷ്ട്രീയസൈനിക കവചത്തിനും ഇടയില്‍ ഒരു വര്‍ഷമായി ഗസ്സയില്‍ നമ്മുടെ ജനങ്ങള്‍ക്കെതിരെ കൂട്ടക്കൊലകളും വംശഹത്യയും നടത്തുന്ന ഈ അധിനിവേശത്തിന്റെ ക്രൂരത ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുന്നു” ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ‘രക്തസാക്ഷികളുടെ മൃതദേഹം വികൃതമാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഹീനമായ കുറ്റകൃത്യമാണ്. ഇത് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിക്കേണ്ടതാണ്.’ പ്രസ്താവനയില്‍ പറയുന്നു. ‘ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടന്ന ഈ ഭീകരമായ കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ ഫാസിസ്റ്റ് അധിനിവേശത്തിന് നമ്മുടെ ജനങ്ങളെ കൊന്നൊടുക്കാന്‍ ഒരു മടിയുമില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു” ഹമാസ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഒരു സൈനിക ബുള്‍ഡോസറിന്റെ അകമ്ബടിയോടെ ഇസ്സാത്ത് അബു അല്‍റബ് സ്കൂളിന്റെ മുന്‍വശത്തേക്ക് ഇരച്ചുകയറിയ ഇസ്റാഈല്‍ സൈന്യം സ്കൂളിനും ചുറ്റും വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ളിലെ 1,200 വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉപരോധിച്ചു. തുടര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കി വലിച്ചെറിഞ്ഞത്.