തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് പരാതി.
തട്ടുകടയുടെ ‘ഊണ് റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അരുണ്‍ എന്നയാളുടെ
കടയിലായിരുന്നു സംഭവം.
അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വീഡിയോയില്‍ പകർത്താൻ ശ്രമിച്ചതിനായിരുന്നു എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെയുള്ള ആക്രമണം. കുട്ടിയുടെ കയ്യില്‍നിന്നു മൊബൈല്‍ തട്ടി മാറ്റുന്നത് വീഡിയോയില്‍ കാണാം.
കുട്ടി കരഞ്ഞതോടെ, സ്ത്രീകള്‍ രണ്ടുംപേരും ചേർന്ന് ശശിയെ തടയാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. ഇവരെ ശശി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും മർദിക്കാൻ ഓങ്ങുന്നതും വീഡിയോയിലുണ്ട്. ‘കൊച്ചിനെ അടിച്ചതിന് സമാധാനം പറഞ്ഞിട്ട് പോയാല്‍ മതി’യെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സംഭവത്തില്‍, കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാല്‍, 2000 മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു. സംഭവം കേസെടുത്ത് അന്വേഷിക്കുമെന്ന് ആര്യനാട് സി.ഐ. അറിയിച്ചു