കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ വെച്ച് അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.
പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവർ ബുക്ക് ചെയ്തത്.
ബോബി ചലപതി എന്നയാളാണ് ഇവർക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നീ ചലച്ചിത്ര താരങ്ങളും ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്നേഹ, ടിപ്സണ്‍, ശ്രീദേവി, രൂപ,പപ്പി തുടങ്ങിയവരാണ് ഹോട്ടല്‍ റൂമുകളില്‍ ഓം പ്രകാശിനെ കാണുന്നതിനായി എത്തിയതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
പ്രതികള്‍ കൊക്കെയ്ൻ സംഭരിച്ച് ഡിജെ പാർട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് മനസ്സിലാക്കിയതായും പോലീസ് അറിയിച്ചു. വിദേശത്ത് നിന്നടക്കം കൊക്കെയ്ൻ കൊണ്ടുവന്ന് ഇവർ എറണാകുളത്തും മറ്റു ജില്ലകളിലും ഡിജെ പാർട്ടികളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു.
ഓംപ്രകാശി (44)നെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസി (36) നെയുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. 20-ഓളം കേസുകളില്‍ പ്രതിയാണ് ഇവർ. പരിശോധനയില്‍ ഹോട്ടല്‍ മുറികളില്‍ നിന്ന് കൊക്കെയ്നും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.